ഐവിഎഫ് ചികിത്സയുടെ ഭാഗമായി ഭാര്യയ്ക്ക് ഗര്ഭമുണ്ടാകാന് ഭര്‍ത്താവ് സ്വന്തം ബീജത്തിനൊപ്പം അച്ഛന്റെ ബീജവും കുത്തിവെച്ച സംഭവം വാര്‍ത്താ മാദ്ധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയാണ്. പലതരം സംഭവങ്ങള്‍ വാര്‍ത്തയാകുമ്പോള്‍ വളരെ വ്യത്യസ്തമായ ഒരു കേസെന്ന രീതിയിലാണ് ഈ സംഭവം ശ്രദ്ധപിടിച്ചു പറ്റുന്നത്.
യുകെയില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്ത് വന്നത്. കുട്ടികളുണ്ടാകാതെ ഇരുന്ന ദമ്പതികളാണ് ഒടുവില്‍ വന്ധ്യതാചികിത്സയ്ക്ക് തയ്യാറായത്. പക്ഷെ അതിന്റെ ചിലവ് താങ്ങാവുന്നതിലും വലുതായിരുന്നു. ഐവിഎഫ് ചികിത്സയ്ക്കാണ് ഇവര്‍ തയ്യാറായത്.
ചികിത്സയുടെ ചിലവ് താങ്ങാനാകുന്നില്ലെന്ന് മനസിലാക്കിയതോടെ തന്റെ പങ്കാളിക്ക് തന്റെ ബീജത്തിനൊപ്പം സ്വന്തം അച്ഛന്റെയും ബീജം കുത്തിവച്ചു. പക്ഷെ സംഭവം കേസാകുന്നത് കുഞ്ഞ് ജനിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇതില്‍ ആരാണ് പരാതിപ്പെട്ടത്, എങ്ങനെയാണ് കേസ് കോടതി വരെ എത്തിയത് എന്നത് വ്യക്തമല്ല. സ്വകാര്യത മാനിച്ച് ഇവരുടെ പേരോ വിശദാംശങ്ങളോ ഒന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുമില്ല.
എന്തായാലും കേസ് കോടതിയില്‍ എത്തിയതിന് പിന്നാലെ കുഞ്ഞിന്റെ അച്ഛന് ആരാണെന്ന് കണ്ടെത്തുന്നതിനായുള്ള ഡിഎന്‍എ ടെസ്റ്റ് നടക്കുമോ ഇല്ലയോ എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയത്. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടതില്ല, കുഞ്ഞിന്റെ പിതൃത്വം തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ആ കുടുംബം ആണെന്നും എന്തായാലും ഇക്കാര്യം വളര്‍ന്നുവരുന്ന കുഞ്ഞിനെ സംബന്ധിച്ച് വലിയ വൈകാരിക പ്രതിസന്ധിയായി വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കോടതി അറിയിച്ചു.