പലതരം വിവാഹാലോചനകളും വിവാഹ പരസ്യങ്ങളും കണ്ടിട്ടുണ്ട്. പക്ഷെ സോഷ്യല്‍ മീഡിയയെ തന്നെ അത്ഭുതപ്പെടുത്തുകയും ഏറെ ചിന്തിപ്പിക്കുകയും ചെയ്ത ഒരു വിവാഹ പരസ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള ഒരു യുവാവാണ് വധുവിനെ തിരയാനായി പുതിയൊരു മാര്‍ഗ്ഗം കണ്ടെത്തിയത്.
ദാമോയില്‍ നിന്നുള്ള ദീപേന്ദ്ര റാത്തോഡ് എന്ന 29 -കാരന്റെ വ്യത്യസ്തമായ പരസ്യം തന്റെ ഓട്ടോറിക്ഷയില്‍ ആണ് പതിച്ചത്. ഇതുവരെ വിവാഹിതനല്ലാത്ത ഇയാള്‍ തനിക്ക് യോജിച്ച ഒരു വധുവിനെ തേടിയുള്ള പരസ്യം പതിച്ചത് എല്ലാവര്ക്കും കൗതുകമായിരിക്കുകയാണ്.
തന്റെ ബയോഡാറ്റയടങ്ങിയ ഒരു വലിയ ബോര്‍ഡ് തന്നെ ഇയാള്‍ പതിക്കുകയായിരുന്നു. വിവാഹം ചെയ്യാന്‍ യുവതികളെ കിട്ടാനില്ല, അതുകൊണ്ടാണ് ഇങ്ങനെ വ്യത്യസ്തമായ ഒരു മാര്‍ഗത്തിലൂടെ വധുവിനെ തിരയാന്‍ തീരുമാനിച്ചത് എന്നാണ് ദീപേന്ദ്ര പറയുന്നത്. ജാതിയും മതവുമൊന്നും തനിക്കൊരു പ്രശ്നമല്ല എന്നും യുവാവ് പറയുന്നു.
മുന്‍പും ഇത്തരത്തില്‍ പങ്കാളികളെ തിരയുന്ന ഒരു ഗ്രൂപ്പില്‍ ദീപേന്ദ്ര വധുവിന് വേണ്ടി അന്വേഷണം നടത്തിയിരുന്നെങ്കിലും അത് സഹായിച്ചില്ല. പിന്നാലെയാണ് ഇങ്ങനെ ഒരു പരസ്യം നല്കാന് ഇയാള്‍ തീരുമാനിക്കുന്നത്. ദാമോയ്‍ക്ക് പുറത്തുള്ള സ്ത്രീകളാണെങ്കിലും വിവാഹം ചെയ്യാന്‍ താന്‍ തയ്യാറാണ് എന്നും ഇയാള്‍ പറയുന്നു. ദീപേന്ദ്രയുടെ മൂത്ത സഹോദരനും സഹോദരിയും വിവാഹിതരാണ്.
ദീപേന്ദ്ര തന്റെ റിക്ഷയില്‍ പതിപ്പിച്ച ബയോഡാറ്റ ഇതോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അതില്‍, ഇയാളുടെ ഉയരം, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങി സകലതും സൂചിപ്പിക്കുന്നുണ്ട്. ഒപ്പം ആളുടെ ഒരു ഫോട്ടോയും അതോടൊപ്പം കൊടുത്തിട്ടുണ്ട്. തന്റെ മാതാപിതാക്കള്‍ എപ്പോഴും പ്രാര്‍ത്ഥനയും മറ്റുമായി തിരക്കിലാണ്, തനിക്ക് വേണ്ടി ഒരു പെണ്ണന്വേഷിക്കാന്‍ അവര്‍ക്ക് സമയമില്ല. അതിനാല്‍, ഞാനായി അത് ചെയ്യുകയാണ് എന്നും ദീപേന്ദ്ര പറയുന്നു.