ഹോങ്കോങ്ങില്‍ ഇന്റര്‍ മിയാമി കളിച്ച സൗഹൃദ മത്സരത്തില്‍ മെസ്സി കളിക്കളത്തില്‍ ഇറങ്ങാതെ ബെഞ്ചില്‍ തന്നെ നിലയുറപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. മെസ്സിയെ കളിക്കളത്തില്‍ കാണാനെത്തിയ ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിച്ച സംഭവം പക്ഷെ പല രീതിയിലാണ് വളച്ചൊടിച്ചത്. ഇതിന്റെ പേരില്‍ ചൈന തങ്ങളുടെ മണ്ണിലെ അര്‍ജന്റീനയുടെ പ്രദര്‍ശന മത്സരങ്ങള്‍ മുടക്കിയിരുന്നു. ഈ സംഭവത്തിന് വലിയൊരു ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്.
അര്‍ജന്റീന ദേശീയ ടീം ക്യാപ്റ്റന്‍കൂടിയായ മെസ്സി ബോധപൂര്‍വം ഇറങ്ങാതെ അരിശം തീര്‍ത്തതാണെന്ന സംഘാടകരുടെ കണ്ടെത്തലിനു പിന്നാലെയാണ് ചൈന തങ്ങളുടെ മണ്ണിലെ അര്‍ജന്റീനയുടെ പ്രദര്‍ശന മത്സരങ്ങള്‍ മുടക്കിയത്. എന്നാല്‍ ചൈന മുടക്കിയ മത്സരങ്ങള്‍ തങ്ങളുടെ നാട്ടില്‍ കളിപ്പിക്കാന്‍ യുഎസ് തീരുമാനമെടുത്തെന്നാണ് പുറത്ത് വരുന്ന വിവരം.
അര്‍ജന്റീന രണ്ടു കളികളാണ് യു.എസ് വേദികളില്‍ കളിക്കുക. മാര്‍ച്ച് 22ന് ഫിലഡെല്‍ഫിയയില്‍ എല്‍സാല്‍വദോറുമായും നാലു നാള്‍ കഴിഞ്ഞ് ലോസ് ആഞ്ജലസില്‍ നൈജീരിയക്കെതിരെയുമാകും കളികള്‍. ചൈനയില്‍ നൈജീരിയ, ഐവറി കോസ്റ്റ് എന്നിവക്കെതിരെയായിരുന്നു അര്‍ജന്റീനയുടെ കളികള്‍. ഹാങ്ഷൂവും ബെയ്ജിങ്ങുമായിരുന്നു വേദികള്‍.