ലണ്ടന്‍ : കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും, വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാല സന്ദര്‍ശിച്ച് രണ്ടു ദിവസങ്ങളിലായി നടത്തിയ പ്രഭാഷണങ്ങള്‍ക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചു. ലണ്ടനില്‍ ഐഒസി നേതാക്കളുമായി ഹൃസ്യമായ കൂടിക്കാഴ്ച നടത്തിയ ശേഷം ഡല്‍ഹിക്കു മടങ്ങിയ രാഹുല്‍ അവിടെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് സുപ്രധാന മീറ്റിങ്ങുകളില്‍ പങ്കെടുക്കും. തുടര്‍ന്ന് മാര്‍ച്ച് 2 ന് ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിക്കും.
ലോകത്തിലെ തന്നെ പുരാതന സര്‍വകലാശാലകളില്‍ ഒന്നായ കേംബ്രിഡ്ജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ രാഹുല്‍ ഇതിന് മുന്‍പും അവിടെ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണ ശൈലിയും, വിജ്ഞാനവും, ഗാന്ധിയന്‍ നിലപാടുകളും, ദര്‍ശനമൂല്യങ്ങളും അടിസ്ഥാനമാക്കി അദ്ദേഹത്തെ വിവിധ വിദേശ സര്‍വകലാശാലകളില്‍ സന്ദര്‍ശകനും വാഗ്മിയുമായി ക്ഷണിക്കാറുണ്ട്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ട്രിനിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന രാഹുല്‍ ഗാന്ധി അവിടെ നിന്നും ഡെവലപ്മെന്റ് സ്റ്റഡീസില്‍ എംഫില്‍ കരസ്ഥമാക്കിയിരുന്നു. കേംബ്രിഡ്ജ് ബിസിനസ് സ്കൂളിലെ വിസിറ്റിംഗ് ഫെലോ ആയ രാഹുല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 'Learning to Listen in the 21st Century' എന്ന വിഷയത്തില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകള്‍ നടത്തിയിരുന്നു.
ഭാരതത്തില്‍ വന്‍ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര'യില്‍ നിന്നും 5 ദിവസത്തെ ഇടവേളയെടുത്താണ് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധി എത്തിയത്. രാഹുലിന്റെ പിതാവ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാജീവിന്റെ മുത്തശ്ശനുമായ ജവഹര്‍ലാല്‍ നെഹ്റു എന്നിവരും കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു.
ലണ്ടനില്‍ നിന്നും മടങ്ങുന്നതിന് മുന്‍പ് യുകെയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ ഗാന്ധി ഹൃസ്യമായ കൂടിക്കാഴ്ച നടത്തി. ഐഒസി യുകെ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കമല്‍ ദലിവാള്‍, വൈസ് പ്രസിഡന്റുമാരായ ഗുരുമിന്തര്‍ റാന്തവ, സുധാകര്‍ ഗൗഡ, ജനറല്‍ സെക്രട്ടറി ഗമ്പ വേണുഗോപാല്‍, വക്താവ് അജിത് മുതയില്‍, വനിത വിഭാഗം ജനറല്‍ സെക്രട്ടറി അശ്വതി നായര്‍, ഐഒസി കേരളം ഘടകം കോര്‍ഡിനേറ്റര്‍ ബോബിന് ഫിലിപ്പ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ ഭാഗഭാക്കായി. രാഹുല്‍ ഗാന്ധിക്ക് ഒപ്പം യുകെ സന്ദര്‍ശനത്തില്‍, ഇന്ത്യന്‍ ഓവര്‍സീസ് ഗ്ലോബല്‍ ചെയര്മാന് സാം പിത്രോഡയും പങ്കുചേര്‍ന്നു.
മാതൃരാജ്യ വിഷയങ്ങളില്‍ വളരെ തീക്ഷ്ണത പുലര്‍ത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുമായും, നാടുമായും അഭേദ്യ ബന്ധവും കരുതലും സൂക്ഷിക്കുന്നവരെന്ന നിലയില്‍ പ്രവാസി ഇന്‍ഡ്യാക്കാരോട് വലിയ സ്നേഹവും ബഹുമാനവും ഉണ്ടെന്നു പറഞ്ഞ രാഹുല്‍, ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുന്നതിനായി, ഭാരതത്തിന്റെ ആസന്നമായ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍, പ്രവാസികളുടെ നിര്‍ണ്ണായക ഇടപെടലും പങ്കാളിത്തവും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത്, ജനങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കേള്‍ക്കുവാനും, അതിന്റെ വെളിച്ചത്തില്‍, അവര്‍ക്കായുള്ള പദ്ധതികളുടെ ആവിഷ്ക്കാരങ്ങള്‍ ലക്ഷ്യം വെച്ചാണ്. രാജ്യത്തിന്റെ നേതാക്കള്‍ തങ്ങളുടെ ജനങ്ങളെ കേള്‍ക്കുവാനും അറിയുവാനും ബാദ്ധ്യസ്ഥരാണ്. രാജ്യത്തിന്റെ സുസ്ഥിരത ഭദ്രമാക്കുവാന്‍ ഇതനിവാര്യമാണെന്നാണ് താന്‍ കരുതുന്നതെന്നും കൂടിക്കാഴ്ചയില്‍ രാഹുല്‍ അഭിപ്രായപ്പെട്ടു.
ഡല്‍ഹിക്കു തിരിച്ച രാഹുല്‍ ഗാന്ധിയെ ഹീത്രൂ വിമാനത്താവളത്തിലേക്ക് അനുഗമിച്ച ഐഒസി നേതാക്കള്‍, ആശംസകള്‍ നേര്‍ന്നു യാത്രയയച്ചു.