സ്റ്റീവനേജ്: ഹര്‍ട്ഫോര്‍ഡ്ഷെയറിലെ പ്രമുഖ മലയാളി സംഘടനയായ 'സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' 2024 -2025 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും, മലയാള ഭാഷക്കും, കേരളീയ പൈതൃകത്വത്തിനും മുന്‍തൂക്കം നല്കി പ്രവര്‍ത്തിച്ചു വരുന്ന സംഘടന എന്ന നിലയില്‍, യുകെയില്‍ ഏറെ ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളില്‍ ഒന്നാണ് 'സര്‍ഗ്ഗം സ്റ്റീവനേജ്'.
സര്‍ഗ്ഗം സ്റ്റീവനേജിന്റെ മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തില്‍ വിളിച്ചു കൂട്ടിയ വാര്‍ഷീക ജനറല്‍ ബോഡി യോഗത്തില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി മെംബര്‍മാരില്‍ നിന്നും അപ്പച്ചന് കണ്ണഞ്ചിറയെ പ്രസിഡണ്ടായും, സജീവ് ദിവാകരനെ സെക്രട്ടറിയായും, ജെയിംസ് മുണ്ടാട്ടിനെ ഖജാന്‍ജിയായും തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ ഭരണ സമിതിയില്‍ ജിന്ടോ മാവറ വൈസ് പ്രസിഡന്റും, പ്രവീണ്‍ സി തോട്ടത്തില്‍ ജോ. സെക്രട്ടറിയുമാണ്.
മനോജ് ജോണ്‍, ഹരിദാസ് തങ്കപ്പന്, അലക്സാണ്ടര്‍ തോമസ്, നന്ദു കൃഷ്ണന്,ചിണ്ടു ആനന്ദന്, നീരജ പടിഞ്ഞാറയില്‍, വില്‍സി പ്രിന്‍സണ്‍, ഷഹ്നാ ചിണ്ടു എന്നിവര്‍ കമ്മിറ്റി മെമ്പര്‍മാരായി സേവനം ചെയ്യുന്നതോടൊപ്പം,വിവിധ സബ് കമ്മിറ്റിള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.
മുന്‍ കാലങ്ങളില്‍ തുടങ്ങി വെച്ചിട്ടുള്ള കര്‍മ്മ പദ്ധതികള്‍ തുടര്‍ന്ന് കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, മലയാള ഭാഷാ പോഷണം, കായിക-മാനസ്സിക ക്ഷമതാ സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ക്കു മുന്‍തൂക്കം നല്കുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു. നിലവില്‍ ചെണ്ട ക്ളാസുകള്‍ വളരെ ഊര്‍ജ്ജസ്വലമായി നടക്കുന്നുണ്ട്.
ഏറെ ശ്രദ്ധേയവും വിജയപ്രദവുമായി മാറിയ 'സെവന് ബീറ്റ്സ്' സംഗീത- നൃത്ത കലോത്സവത്തിന് ആതിഥേയത്വം അരുളി തുടക്കം കുറിച്ച പുതിയ കമ്മിറ്റി, ഏപ്രില്‍ 7 നു ഞായറാഴ്ച ഡച്ച്വര്‍ത്ത് വില്ലേജ് ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന ഈസ്റ്റര്‍- വിഷു- ഈദ് സംയുക്ത ആഘോഷത്തിനുള്ള തയ്യാറെടുപ്പുകളിലാണ്. സ്റ്റീവനേജ് മേയര്‍ കൗണ്‍സിലര്‍ മൈലാ ആര്‍സിനോ ആഘോഷം ഉദ്ഘാടനം ചെയ്യും. സര്‍ഗ്ഗം സ്റ്റീവനേജില്‍ നിലവില്‍ അറുന്നൂറോളം മെംബര്‍മാര്‍ ഉണ്ട്.