പഠനം ഭാരമാകാതെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ഒരുക്കുകയാണ് ചൈനയിലെ സ്കൂള്‍. സ്കൂളിലെ എല്ലാ നേരവും പഠനം മാത്രമാക്കാതെ കുട്ടികള്‍ക്ക് വിശ്രം അനുവദിക്കാനാണ് സ്കൂളിന്റെ തീരുമാനം.
പഠന സമയത്ത് ഇടയ്ക്ക് അല്പം വിശ്രമം ഒക്കെ നല്‍കിയാലെ കുട്ടികളുടെ ബുദ്ധിവികാസവും ശ്രദ്ധയും ഉണ്ടാവുകയുള്ളൂ എന്നാണ് തീരുമാനം. ഉച്ചകഴിഞ്ഞുള്ള സമയം ഭക്ഷണമൊക്കെ കഴിച്ച് കുട്ടികള്‍ക്ക് നേരെ പഠനത്തിലേക്ക് ശ്രദ്ധിക്കാന്‍ പറ്റി എന്ന് വരില്ല. അല്പം വിശ്രമം കൊടുക്കാനാണ് തീരുമാനം.
ഇനി മുതല്‍ ചൈനയിലെ സ്കൂളില്‍ ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞാല്‍ ക്ലാസിലിരുന്ന് അല്പം ഉറക്കം അനുവദിക്കാനാണ് തീരുമാനം. സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പറയുന്നതനുസരിച്ച്, ഹന്ദനിലെ 21,000 -ത്തിലധികം പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഉച്ചയ്ക്ക് അല്പനേരം ഉറക്കം എന്ന രീതിയിലേക്ക് മാറുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ഹന്ദനിലെ എല്ലാ വിദ്യാര്‍ത്ഥികളും ഇതിന്റെ ഭാഗമായി മാറും എന്നാണ് വിദ്യാഭ്യാസ ബ്യൂറോ ഡയറക്ടര്‍ ഷാങ് ഹെഹോംഗ്, ചൈന എഡ്യൂക്കേഷന്‍ ഡെയ്ലിയോട് പറഞ്ഞത്.
നന്നായി ഉറങ്ങിക്കഴിയുമ്പോള്‍ നന്നായി ചിന്തിക്കാനും അക്കാദമിക് രംഗങ്ങളില്‍ നല്ല മികവ് പുലര്‍ത്താനും കഴിയും എന്ന തിരിച്ചറിവിന്റെ ഭാഗമായിട്ടാണത്രെ വിദ്യാര്‍ത്ഥികള്‍ക്ക് ഉറങ്ങാനുള്ള സമയം അനുവദിക്കുന്നത്. അല്പ നേരം ഇത്തരത്തില്‍ ഉറങ്ങിക്കഴിയുമ്പോള്‍ കുട്ടികള്‍ പിന്നീട് കൂടുതല്‍ ഊര്‍ജ്ജസ്വലരായും കൂടുതല്‍ ഫോക്കസുള്ളവരായും മാറും എന്നും വിലയിരുത്തപ്പെടുന്നു. ക്ലാസില്‍ തന്നെ ഇരുന്നുറങ്ങുന്നതിന് പകരം കിടന്നുറങ്ങാനുള്ള സൗകര്യവും സ്കൂളുകളില്‍ ഉണ്ട്. അതിനായി കുട്ടികളുടെ ക്ലാസ്മുറിയിലെ ഡെസ്കുകള്‍ ബെഡ്ഡായി മാറുകയാണ് ചെയ്യുന്നത്. ഈ ബെഡ്ഡുകളില്‍ തന്നെ കുട്ടികള്‍ക്ക് കിടന്നുറങ്ങാം. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് വേറെ കിടന്നുറങ്ങുന്നതിനായി പ്രത്യേകം സ്ഥലം ഒരുക്കാനുള്ള ബുദ്ധിമുട്ടും ഇല്ല.