എല്ലാ ആഗ്രങ്ങളും ജീവിച്ചിരിക്കുമ്പോള്‍ തന്നെ സാധിക്കണം എന്നാണ് പലരും പറയുക. എന്നാല്‍ മരണ ശേഷമുള്ള ഒരാഗ്രഹം സാധിച്ചു കൊടുക്കുന്നതും വലിയ കാര്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു സംഭവം.
ബഹിരാകാശത്ത് പോകണമെന്നുള്ള ആഗ്രഹം സാധിയ്ക്കാതെ മരണപ്പെട്ട എഴുപതുകാരിയുടെ ചിതാഭസ്മം ബഹിരാകാശത്ത് എത്തിച്ചിരിക്കുകയാണ് ബന്ധുക്കള്‍. എലിസബത്ത് ഗാര്‍സിയ എന്ന എഴുപതുകാരിയുടെ ചിതാഭസ്മമാണ് ബന്ധുക്കള്‍ ബഹിരാകാശത്ത് എത്തിച്ചത്.
ഹൃദ്രോഗിയായിരുന്ന എലിസബത്ത്. ഡോക്ടര്‍മാര്‍ അവര്‍ക്ക് രണ്ട് വര്‍ഷം കൂടി ആയുസ്സാണ് പ്രവചിച്ചത്. പക്ഷെ എഴുപതാം പിറന്നാള്‍ ആഘോഷിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ എലിസബത്ത് മരണപ്പെട്ടു. തന്റെ ജീവിതകാലം മുഴുവന്‍ ഭര്‍ത്താവായ ജോണിനൊപ്പം ലോകം മുഴുവന്‍ സഞ്ചരിച്ച എലിസബത്തിന് ഒരു തവണ പോലും ബഹിരാകാശം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.
ഓറ ഫ്ളൈറ്റ്സ് എന്ന കമ്പനി വഴിയാണ് ബന്ധുക്കള്‍ ഇവരുടെ ചിതാഭസ്മം ബഹിരാകാശത്ത് എത്തിച്ചത്. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ 2023ലാണ് സ്ട്രാറ്റോസ്ഫെറിക് ബലൂണ്‍ ഉപയോഗിച്ച് ഭൗമോപരിതലത്തില്‍ നിന്നും 100,000 അടി ഉയരത്തില്‍ ചിതാഭസ്മം എത്തിച്ചത്. ചിതാഭസ്മത്തോടൊപ്പം എലിസബത്തിന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. ബഹിരാകാശ വിക്ഷേപണം വളരെ പ്രത്യേകതയുള്ളതായിരുന്നുവെന്നും ചിതാഭസ്മം ബഹിരാകാശത്തെത്തിക്കാന്‍ കഴിഞ്ഞത് വളരെ ഹൃദയസ്പര്‍ശിയായ കാര്യമായിരുന്നുവെന്നും കമ്പനി വക്താവായ എല്ലെ ലില്ലി പറഞ്ഞു.
തന്റെ ചിതാഭസ്മം ബഹിരാകാശത്ത് എത്തണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നതായി സഹോദരിയായ ജീന്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഷെഫീല്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓറ ഫ്ളൈറ്റ്സ് എന്ന സ്ഥാപനത്തെക്കുറിച്ച് ബന്ധുക്കള്‍ അറിയുന്നതും എലിസബത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതും.