ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് തലൈവര്‍ 171. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ് മുതല്‍ ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ചിത്രത്തില്‍ രജനികാന്ത് വാങ്ങുന്ന പ്രതിഫലമാണ് വാര്‍ത്തയാകുന്നത്.
താരം വന്‍ തുകയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് സിനിമാ മേഖലയിലെ പ്രധാന ചര്‍ച്ച. ഇതുവരെ ഇത്രയും പ്രതിഫലം താരം വാങ്ങിയിട്ടില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്.
ചിത്രത്തിന് വേണ്ടി രജനികാന്ത് വാങ്ങുന്നത് 280 കോടി രൂപയാണത്രേ. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ രജനികാന്ത് ഒന്നാമതെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാഘവ ലോറന്‍സ്, പൃഥ്വിരാജ് എന്നിവരെ കൂടാതെ മറ്റ് പാന്‍ ഇന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. വന്‍ മുതല്‍ മുടക്കില്‍ സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്താണ് ചിത്രത്തിന്റെ പ്രമേയം. തലൈവര്‍ 171-ന്റെ പ്രീപ്രൊഡക്ഷന് ജോലികള്‍ പുരോഗമിക്കുകയാണ്. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.