നിരവധി സിനിമകളിലൂടെയും ടെലിഫിലിമുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പിള്ള. 2021ല്‍ പുറത്തിറങ്ങിയ ഹോം, 2023ല്‍ പുറത്തിറങ്ങിയ ഫാലിമി എല്ലാം മഞ്ജുവിന്റെ മികച്ച അഭിനയം കണ്ട ഒന്നായിരുന്നു. താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ ചിത്രങ്ങളിലെ അമ്മ വേഷങ്ങളിലൂടെ.
ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യില്‍ മഞ്ജു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിവിന്‍ പോളിയുടെ അമ്മയായാണ് താരം എത്തുന്നത്. എന്നാല്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ താരം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.
ആര്‍ക്കും ആരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെടുക്കാന്‍ സാധിക്കില്ലെന്നാണ് മഞ്ജു പറയുന്നത്. എല്ലാവരും മികച്ച അഭിപ്രായം പ്രകടിപ്പിച്ച തന്റെ ഒരു സിനിമയെക്കുറിച്ച് ഒരാള്‍ മോശമായി പറഞ്ഞെന്നും മഞ്ജു തുറന്ന് പറഞ്ഞു.
മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ:
'എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, ചിലപ്പോള്‍ ഇതിനെതിരെ വിമര്‍ശനങ്ങള്‍ വന്നേക്കാം. നമുക്ക് ആരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. നമുക്ക് ഈ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെടുക്കാന്‍ സാധിക്കില്ല. എല്ലാവരും പുകഴ്ത്തിപ്പറഞ്ഞ സിനിമയാണ് 'ഹോം'. ഒരു മനുഷ്യന് പോലും അതിനെതിരെ മോശമായി പറഞ്ഞില്ല. പക്ഷേ, ഒരാള്‍ പറഞ്ഞു, ഒരാള്‍ മോശമായ കമന്റ് പറഞ്ഞിട്ടുണ്ട്. അതാ പറയുന്നത്, നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. ഫാലിമിയിലും അങ്ങനെ മോശമായി ഒന്നും കേട്ടിട്ടില്ല. ഒരു പ്രത്യേക വിഭാഗം എപ്പോഴും അതിനെതിരെ പറഞ്ഞുകൊണ്ടിരിക്കും.'