ഡ്രൈവിങ്ങിനിടയില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ എപ്പോഴും പതിവാണ്. എന്നാല്‍ അബദ്ധത്തില്‍ പോലും ഒരു ചെറു ജീവിക്കും ആപത്ത് പറ്റരുത് എന്ന് കരുതുന്നവരാണ് നാം എല്ലാവരും. അത്തരത്തില്‍ ഒരു സംഭവമാണ് അമേരിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡ്രൈവിംഗിനിടെ റോഡിനു കുറുകെ വന്ന അണ്ണാന് കുഞ്ഞിനെ രക്ഷിക്കാന്‍ കാര്‍ വെട്ടിച്ച യുവതിയുടെ കാര്യം വൈറലാവുകയാണ്. തന്റെ കാറിനു മുന്നിലേക്ക് വന്ന അണ്ണാന് കുഞ്ഞിനെ രക്ഷിക്കാനാണ് യുവതി വേഗം കാര്‍ വെട്ടിച്ചത്. എന്നാല്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത് അമേരിക്കയുടെ 16-ാമത് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ വീട്ടിലേയ്ക്ക്. മസാച്യുസെറ്റ്സിലെ ഹിങ്ഹാമിലെ എബ്രഹാം ലിങ്കണിന്റെ പൂര്‍വ്വികരുടെ വകയായ ചരിത്ര ഭവനമാണ് കാര്‍ ഇടിച്ചു കയറിയതിനെ തുടര്‍ന്ന് തകര്‍ന്നത്.
വാഹനം റോഡിന്റെ വലതുവശത്തേക്ക് വെട്ടിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കാറിന്റെ പകുതി ഭാഗം വീടിനുള്ളിലേയ്ക്ക് പ്രവേശിച്ചിരുന്നു. കാര്‍ ഓടിച്ചിരുന്നത് 19 കാരിയായ യുവതിയാണ്.
2014 മോഡല്‍ ഓഡി ക്യു 7 ആണ് അപകടത്തിന് കാരണമായ വാഹനം. ഹിങ്ഹാം പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അപകടത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു. വീടിന്റെ മുന്‍വശത്തുള്ള ഒരു മുറിയിലേയ്ക്കാണ് കാര്‍ ഇടിച്ചു കയറിയത്. വീടിനുള്ളില്‍ താമസിക്കുന്നവര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഹിങ്ഹാം പോലീസ് അറിയിച്ചു.
തകര്‍ന്ന വീട് സാമുവല്‍ ലിങ്കണ് കോട്ടേജ് എന്നാണ് അറിയപ്പെടുന്നത്. 1650 ലാണ് കോട്ടേജ് പണിതതെന്നും 1740ല്‍ കുറച്ച് പരിഷ്കരണങ്ങളും മാറ്റങ്ങളും വരുത്തിയെന്നും ഹിങ്ഹാം ഹിസ്റ്റോറിക്കല്‍ കമ്മീഷന്റെയും ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് കമ്മീഷന്റെയും അഡ്മിനിസ്ട്രേറ്റര്‍ ആന്‍ഡ്രിയ പറഞ്ഞു.
ഹിങ്ഹാമിലെ ചരിത്ര പ്രാധാന്യമുള്ളതും പുരാതനവുമായ ഒരു വീടാണിത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഹിസ്റ്റോറിക് ന്യൂ ഇംഗ്ലണ്ട് കൈവശം വച്ചിരിക്കുന്ന ഈ വീടിന് ചില സംരക്ഷണ നിയന്ത്രണങ്ങളുണ്ടെന്നും വീടിനകത്തോ പുറത്തോ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ വീടിനെ സംരക്ഷിക്കുന്നതായും ഹിങ്ഹാം ഹിസ്റ്റോറിക്കല്‍ കമ്മീഷന്റെ അഡ്മിനിസ്ട്രേറ്റര്‍ ചൂണ്ടിക്കാട്ടി.