യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പില്‍ കുട്ടപ്പന്- ചിന്നമ്മ ദമ്പതികളുടെ മകളും വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ ഭാര്യയുമായ എം കെ ഷീജ (27) ആണ് മരിച്ചത്. പത്തുമാസം മുന്‍പായിരുന്നു ജോബിഷിന്റെയും ഷീജയുടെയും വിവാഹം. മരണത്തില്‍ യുവതിയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നു.
ജോബിഷ് മദ്യപിച്ച് വീട്ടിലെത്തി മര്‍ദിക്കുമായിരുന്നെന്ന് ഷീജ വീട്ടുകാരോട് പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കളും വഴക്കുണ്ടാക്കിയിരുന്നെന്ന് ഷീജയുടെ സഹോദരന് അരുണ്‍ പറഞ്ഞു.
പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. രണ്ടാഴ്ചയായി ഷീജ സ്വന്തം വീട്ടിലായിരുന്നു. ഓണത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞ ദിവസം ഏലപ്പാറയിലെത്തിയ ഷീജയെ ജോബിഷ് അവിടെനിന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തിരുവോണനാളില്‍ ഇരുവരും ഹെലിബറിയയിലെ വീട്ടില്‍ വന്നിരുന്നു. നാലുമണിയോടെ മടങ്ങി. വെള്ളിയാഴ്ച രാവിലെ 9.40-ഓടെ ജോബിഷ് വിളിച്ച് ഷീജ പോയെന്നും പെട്ടെന്ന് വരാനും പറഞ്ഞു. കാര്യം തിരക്കിയെങ്കിലും കൃത്യമായി മറുപടി പറഞ്ഞില്ല.
വീട്ടുകാര്‍ വളകോട്ടിലെ വീട്ടില്‍ ചെന്നപ്പോള്‍ ജോബിഷും മാതാപിതാക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷീജയുടെ കാര്യം തിരക്കിയപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് പറഞ്ഞു. ആശുപത്രിയില്‍ എത്തിയശേഷമാണ് മരണവിവരം അറിഞ്ഞത്.
ഷീജ ആത്മഹത്യചെയ്യാന്‍ സാധ്യതയില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും അരുണ്‍ ആവശ്യപ്പെട്ടു. പീരുമേട് തഹസില്‍ദാര്‍, ഉപ്പുതറ സി.ഐ. എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഷൈജു, ലീന, അരുണ്‍ എന്നിവരാണ് ഷീജയുടെ സഹോദരങ്ങള്‍.