കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കണ്ണന് നായര്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ സ്വദേശിനിയായ 27 വയസുള്ള ഐശ്വര്യ ഉണ്ണിത്താനാണ് ചടയമംഗലത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഐശ്വര്യയുടെ ഡയറിയും പൊലീസ് കണ്ടെടുത്തു. തന്റെ ജീവന് നഷ്ടപ്പെടുകയാണെങ്കില്‍ അതിന് കാരണം ഭര്‍ത്താവ് കണ്ണന് നായരാണെന്നും ഡയറിയില്‍ എഴുതിയിട്ടുണ്ട്. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
''തന്നെ ഭര്‍ത്താവ് കണ്ണന് അത്രയ്ക്ക് ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്രത്തോളം ഉപദ്രവിക്കുന്നു. അയാള്‍ക്ക് അയാളെ മാത്രമാണ് ഇഷ്ടം. വേറെയാരെയും ഇഷ്ടമല്ല. ആരുടേയും മനസ്സ് അയാള്‍ക്ക് മനസ്സിലാകില്ല. മാനസികമായി ഉപദ്രവിച്ചെന്നും താലി പൊട്ടിച്ചെറിഞ്ഞു''വെന്നും ഡയറിക്കുറിപ്പില്‍ പറയുന്നു.
''പുച്ഛം തോന്നും ചില സമയത്തുള്ള പെരുമാറ്റം. അയാള്‍ക്ക് അയാളുടേതായ ധാരണയുണ്ട്. മറ്റാര്‍ക്കും ഈ ഗതി വരുത്തരുതെന്നും ഐശ്വര്യ കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് കാരണം ഭര്‍ത്താവാണെന്നും, തനിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവ് കണ്ണനാണെന്നും'' ഡയറിക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ഇട്ടിവ ഗ്രാമപഞ്ചായത്തിലെ തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല അരവിന്ദാക്ഷന് ദമ്പതികളുടെ മകളായ 26 വയസുളള ഐശ്വര്യ ഉണ്ണിത്താനെയാണ് കഴിഞ്ഞയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയിലാണ് ഐശ്വര്യയുടെ മൃതദേഹം കണ്ടത്. മൂന്നുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.