അട്ടപ്പാടി മധുവധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസോ, ചെലവോ നല്‍കാതെ സര്‍ക്കാര്‍. ഒരു ലക്ഷത്തിലധികം രൂപ കേസിലെ നാലാമത്തെ പബ്ലിക് പ്രോസിക്യൂട്ടറായെത്തിയ രാജേഷ് എന്‍. മേനോന് കൈയില്‍ നിന്നും ചെലവാക്കിയിട്ടും പണം നല്കാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 40ലേറെ തവണ ഹാജരായിട്ടും ഒരു രൂപപോലും നല്‍കിയിട്ടില്ലെന്നാണ് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.
240 രൂപയാണ് അഭിഭാഷകന് ഒരു ദിവസത്തെ ഫീസ്. ഈ പണം പോലും സര്‍ക്കാര്‍ നല്കാന് തയ്യാറായിട്ടില്ല. പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കലക്ടര്‍ക്ക് കത്തുനല്‍കിയിരിക്കുകയാണ്. ഫീസ് ലഭികാത്തതിനെ തുടര്‍ന്ന് അഭിഭാഷകര്‍ നേരത്തെ കേസില്‍ നിന്നും പിന്മാറിയിരുന്നു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസ് നല്‍കുന്നില്ലെന്ന പരാതി മധുവിന്റെ അമ്മ മല്ലി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചു . ഇതുവരെ 40ലേറെ തവണ രാജേഷ് എം മേനോല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസില്‍ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാ ചെലവോ, അഭിഭാഷകന് നല്‍കിയിട്ടില്ല. 240 രൂപയാണ് അഭിഭാഷകന് ഒരു ദിവസം മൂന്ന് മണിക്കൂറിലധികം കോടതിയില്‍ ചിലവിട്ടാല്‍ ലഭിക്കുന്ന ഫീസ്. അല്ലെങ്കില്‍ അത് 170 ആയി കുറയും.
1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണം എന്ന് കാട്ടിയാണ് രാജേഷ് എം മേനോന് കളക്ടര്‍ക്ക് കത്ത് നല്‍കിയത്. കേസിലെ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്ന പി ഗോപിനാഥ് ന്യായമായ ഫീസ് അല്ല സര്‍ക്കാര്‍ ഉത്തരിവുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്.
അതേസമയം, മധുവധക്കേസില്‍ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 11ാം പ്രതി അബ്ദുല്‍ കരീമിന് മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് വിധി. മരയ്ക്കാര്‍, അനീഷ്, ഷംസുദ്ദീന്, ബിജു, സിദ്ദിഖ് തുടങ്ങി 12 പ്രതികളാണ് വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.