പ്രമുഖ മലയാള പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് പരസ്യം നല്കിയ 53 കാരനുമായി ഭാര്യക്ക് 'വിവാഹാലോചന' നടത്തി 41 ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശി സരിന് കുമാര്‍ (37) ആണ് പിടിയിലായത്.
ഭര്‍ത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ഭാര്യയെ കൊണ്ട് വിവാഹ വാഗ്ദാനം നല്‍കിയാണ് പണം തട്ടിയത് .സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് വിവാഹ തട്ടിപ്പുകേസുകളില്‍ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് നല്കിയ പരസ്യം കണ്ട് ശാലിനി വിളിച്ചിരുന്നു. ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച യുവതിയാണെന്ന നിലയിലാണ് ശാലിനി പരിചയപ്പെടുത്തിയത്.
പിന്നീട് ഫോണില്‍ സന്ദേശങ്ങള്‍ അയച്ചു സൗഹൃദം സൃഷ്ടിച്ചു. മധ്യപ്രദേശില്‍ അധ്യാപികയാണെന്നാണ് പറഞ്ഞത്. വാഹനാപകടത്തില്‍ മരിച്ച ആദ്യ ഭര്‍ത്താവിന്റെ ചികിത്സ പലരില്‍നിന്ന് കടം വാങ്ങിയാണ് നടത്തിയെന്നു പറഞ്ഞാണ് പലതവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തത്. പ്രതിയെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.