ബി.ജെ.പിക്ക് സമഗ്രാധിപത്യം പ്രവചിച്ചുള്ള എക്സിറ്റ് പോള്‍ ഫലങ്ങളെയും കടത്തിവെട്ടി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയത്തിലേക്ക് കുതിച്ച് ബി.ജെ.പിയുടെ മുന്നേറ്റം. ഗുജറാത്തില്‍ ബിജെപിയുടെ ലീഡ് നില മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ്. 156 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.
തുടര്‍ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തിലേക്ക് നീങ്ങുന്നത്. 2002-ലാണ് ബിജെപി ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടി അധികാരത്തിലേറിയത്. ഗുജറാത്ത് കലാപത്തിന് പിന്നാലെ നടന്ന തിരഞ്ഞടുപ്പില്‍ 127 സീറ്റുകള്‍ നേടിയായിരുന്നു അന്നത്തെ വിജയം.
ആദ്യ ഫല സൂചനകള്‍ പ്രകാരം കോണ്‍ഗ്രസ് കനത്ത പരാജയത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് 17 സീറ്റുകളിലേയ്ക്ക് ചുരുങ്ങിയിട്ടുണ്ട്. ഡല്‍ഹി കോര്പ്പറേഷന് ഭരണം പിടിച്ചെടുത്ത ആം ആദ്മിയ്ക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് നേടാനായത്. മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികളും ഗുജറാത്തില്‍ ലീഡ് ചെയ്യുന്നുണ്ട്.
1990-ന് ശേഷം കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. 99 സീറ്റുകള്‍ നേടി ബി.ജെ.പി. അധികാരം നിലനിര്‍ത്തിയെങ്കിലും 78 സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാനായിരുന്നു. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കോണ്‍ഗ്രസ് പോയികൊണ്ടിരിക്കുന്നതും.
27 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി ജെ പി അധികാര തുടര്‍ച്ച നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ സര്‍വെ ഫലങ്ങള്‍.കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിടുമെന്നും ആം ആദ്മി പാര്‍ട്ടി അക്കൗണ്ട് തുറന്ന് 21 സീറ്റുകള്‍വരെ നേടുമെന്നായിരുന്നു പ്രവചനങ്ങള്‍.ഗുജറാത്തിലെ 182 അംഗ നിയമസഭയിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 46 ശതമാനം വോട്ടുനേടി 129 മുതല്‍ 151 വരെ സീറ്റുകള്‍ ബി ജെ പി നേടുമെന്നായിരുന്നു ഇന്ത്യാ ടുഡേ മൈ ആക്സിസ് പ്രവചനം. ബി ജെ പി 148 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ളിക് ടിവിയും 140 വരെ സീറ്റുകള്‍ നേടുമെന്ന് ന്യൂസ് എക്സും പ്രചചിച്ചിരുന്നു. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ പത്ത് ശതമാനം വരെ കുറവുണ്ടാകും. ആം ആദ്മി പാര്‍ട്ടി പതിനഞ്ച് ശതമാനം വരെ സീറ്റുകള്‍ നേടുമെന്നും എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു.
അതേസമയം, ഹിമാചല്‍ പ്രദേശില്‍ വോട്ടെണ്ണല്‍ പുരോഗമിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ബി ജെ പിയും കോണ്‍ഗ്രസും. 34 സീറ്റിന്റെ ലീഡുമായി കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ 31 സീറ്റുമായി ബി ജെ പി തൊട്ടുപിന്നാലെയുണ്ട്. അതേസമയം, ആം ആദ്മി പാര്‍ട്ടിയ്ക്ക് ഇതുവരെ ഒരു സീറ്റും നേടാനായിട്ടില്ല. ഹിമാചലിലെ 68 അംഗ വിധാന്‍ സഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 35 സീറ്റുകളാണ് നേടേണ്ടത്.
അതേസമയം, കോണ്‍ഗ്രസിനെ കടത്തിവെട്ടി ഹിമാചലില്‍ ബി ജെ പി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍. ബിജെ പി ക്ക് 24-41 സീറ്റുകളും കോണ്‍ഗ്രസിന് 20-40 സീറ്റുകളും ലഭിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. കൂടുതല്‍ പ്രവചനങ്ങളും ഹിമാചല്‍ പ്രദേശില്‍ ബി ജെ പിയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്.68 അംഗ സഭയില്‍ 34 എന്ന ഹാഫ്-വേ മാര്‍ക്കിനേക്കാള്‍ ആറ് സീറ്റുകള്‍ മാത്രമായിരിക്കും ബി ജെ പിയ്ക്ക് കൂടുതലായി നേടാനാകുന്നതെന്നും പരമാവധി 40 സീറ്റുകള്‍ ആയിരിക്കും നേടുന്നതെന്നുമാണ് പ്രവചനങ്ങള്‍. കോണ്‍ഗ്രസ് 30-40 സീറ്റുകളും ബി ജെ പി 24-34 സീറ്റുകളും നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യാ സര്‍വേയും പ്രവചിച്ചിരുന്നു.