ലൈംഗീക പീഡന പരാതിയില്‍ വടകര സ്വദേശിയായ തങ്ങള്‍ അറസ്റ്റില്‍. വടകര എടോടി മശ്ഹൂര്‍ മഹലില്‍ സൈനുല്‍ ആബിദ് തങ്ങളാണ് (48) പിടിയിലായത്. തന്റെ വീട്ടുകാരുടെ ആത്മീയ ഉപദേശി എന്ന പരിഗണന മറയാക്കി വര്‍ഷങ്ങളോളം ലൈംഗീകമായി ഉപദ്രവിച്ചുവെന്നാണ് കോതകുറിശി സ്വദേശിയായ 37 കാരിയുടെ പരാതി.
സൈനുല്‍ ആബിദിന്റെ വടകരയിലെ വീട്ടില്‍വെച്ച് 2002ല്‍ യുവതിക്ക് തേനില്‍ മയക്കുമരുന്ന് നല്‍കിയായിരുന്നു ആദ്യ പീഡനമെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ സൈനുല്‍ ആബിദ് തങ്ങളുടെ മുത്തശ്ശന് പരാതിക്കാരിയുടെ കുടുംബത്തിന്റെആത്മീയ ഗുരുവായിരുന്നു. ഇദ്ദേഹത്തിന്റെ മരണ ശേഷം പേരക്കുട്ടിയായ സൈനുല്‍ ആബിദ് പുതിയ തങ്ങളായി പരാതിക്കാരിയുടെ വീട്ടുകാരെ സമീപിക്കുകയായിരുന്നു .16 വയസ് പ്രായമുള്ളപ്പോഴാണ് പുതിയ തങ്ങളെ പരിചരിക്കാന്‍ വീട്ടുകാര്‍ പരാതിക്കാരിയെ നിയോഗിച്ചത്. അന്ന് മുതല്‍ പലവട്ടം ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിക്കാരി പറയുന്നത്.
യുവതിയുടെ ആരോപണം ശരിയാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പൊലീസും പറയുന്നു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണം. 2014ലും 2018 ലും ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. പീഡന വിവരമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.