കോഴിക്കോട് ഫറോക്ക് പഴയ പാലത്തില്‍ മദ്യം കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ട് മദ്യക്കുപ്പികള്‍ റോഡില്‍ ചിതറിവീണു.
പാലത്തില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് അമ്പതോളം കെയ്സ് മദ്യക്കുപ്പികള്‍ റോഡില്‍ ചിതറി വീഴുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയവര്‍ റോഡില്‍വീണ മദ്യക്കുപ്പികള്‍ എടുക്കുകയും സമീപത്തുകൊണ്ടുപോയി മദ്യപിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ലോറി പാലത്തില്‍ ഇടിച്ച് അപകടമുണ്ടായത്.
എന്നാല്‍ അപകടം നടന്നിട്ടും ലോറി നിര്‍ത്താതെ പോയത് സംശയാസ്പദമായിട്ടുണ്ട്. അനധികൃത മദ്യക്കടത്താണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ലോറിയില്‍നിന്ന് റോഡിലേക്ക് വീണ മദ്യക്കുപ്പികളില്‍ ചിലത് പൊട്ടി മദ്യം റോഡില്‍ പരന്നൊഴുകി. പൊട്ടാതിരുന്ന കുപ്പികളില്‍ ചിലത് ഓടിക്കൂടിയവര്‍ എടുത്തുകൊണ്ടുപോയി. ശേഷിച്ചവ, സമീപത്തെ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ഫറോക്ക് പോലീസ് അറിയിച്ചു. സംഭവം മദ്യക്കടത്താണോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.