പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകന് അര്‍ജുനും കൈതാങ്ങായി എംഎല്‍എ ഗണേഷ് കുമാര്‍. കഴിഞ്ഞ ദിവസം നല്ല ഒരു വീട് വച്ചുനല്‍കാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നും ഗണേഷ് കുമാര്‍ കുട്ടിക്കു വാക്കു നല്‍കുകയായിരുന്നു.
കുട്ടിയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കുമെന്ന് എല്ലാവര്ക്കും മുന്നിലാണ് ഉറപ്പ് നല്‍കിയത്. ഒപ്പം വീടു പണിക്കായി എല്ലാവരും ആത്മാര്‍ഥമായി ശ്രമിക്കണമെന്ന് കൂടെ നില്ക്കുന്ന നാട്ടുകാരെയും ജനപ്രതിനിധികളെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
'എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും, നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിക്കും, എന്റെ സ്വപ്നത്തില്‍ ഇവന് സിവില്‍ സര്‍വീസൊക്കെ പാസായി മിടുക്കാനായി വരുന്നത് കാണണം'- വീടില്ലാത്ത ഏഴാം ക്ലാസുകാരനെ ചേര്‍ത്തുപിടിച്ച് പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍ പറഞ്ഞ വാക്കുകള്‍ കണ്ടുനിന്നവരുടെയും കണ്ണു നനയിച്ചു. വീടില്ലാതെ വിഷമിക്കുന്ന അമ്മയേയും മകനെയും ചേര്‍ത്തു നിര്‍ത്തുന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.