കേരളത്തിലെ ഓരോ മനസാക്ഷിയെയും ഞെട്ടിച്ച കൊലപാതകമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. താലോലിക്കേണ്ട കരങ്ങള്‍ കൊണ്ട് തന്നെ ഒരച്ഛന് സ്വന്തം മകളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മാവേലിക്കരയില്‍ ആറ് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പ് നടത്തുകയാണ്. എന്നാല്‍ ജയിലില്‍ വെച്ച് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഇയാളിപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജറി ഐസിയുവിലാണ്.. ജയിലില്‍ വെച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് ഭാഗത്തും ആഴത്തില്‍ മുറിവുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് മാവേലിക്കര സബ് ജയിലില്‍ വെച്ച് ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകള്‍ ശരിയാക്കാനായി ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പര്‍ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.
അതേസമയം, പ്രതി കൊല്ലാന്‍ ലക്ഷ്യമിട്ടത് മൂന്നുപേരെയെന്ന് പൊലീസ് വ്യക്തമാക്കി. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടെന്ന് ആണ് സൂചന.