മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ആണ് നാട്. കോട്ടയത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞിനെ നഷ്ടമായ വിഷമത്തില്‍ നാട്ടുകാര്‍ ദുഖത്തില്‍ ആഴുമ്പോള്‍, മമ്മൂട്ടി സുരേഷ്ഗോപി അടക്കമുള്ള പ്രമുഖരും അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്.
അവസാനമായി ഉമ്മന്‍ ചാണ്ടിയെ ഒരു നോക്ക് കാണാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും എത്തിയിട്ടുണ്ട്. രമേഷ് പിഷാരടിയും ഇവര്‍ക്കൊപ്പം കോട്ടയം തിരുനക്കരയില്‍ ഉണ്ട്. തിരുനക്കര മൈതാനത്ത് രാഷ്ട്രീയ പ്രവര്‍ത്തകരും സാധാരണക്കാരുമായ പതിനായിരക്കണക്കിന് ആളുകളാണ് രാത്രിമുതല്‍ ഉമ്മന്‍ചാണ്ടിക്കായി കാത്തിരിക്കുന്നത്.
അതേസമയം ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ മമ്മൂട്ടിയും സുരേഷ് ഗോപിയും പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ: 'പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ തന്നെയും വിളിച്ചുകൊണ്ടുപോയി തോളില്‍ കയ്യിട്ട് ഒപ്പം നടന്ന ഉമ്മന്‍ചാണ്ടിയെ കുറിച്ച് വികാരാധീനനായാണ് മമ്മൂട്ടി പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്നപ്പോള്‍ 'ഞാന്‍ എന്ന വ്യക്തി ചുമക്കാന്‍ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി' എന്നും മമ്മൂട്ടി കുറിപ്പില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലുപ്പമെന്ന പ്രതികരണവുമായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി പറയുന്നു. അറിവ് സമ്പാദിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
'മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളായി മാറാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വലുപ്പമാണ് ഈ കണ്ണീര് കാഴ്ചയില്‍ കാണുന്നത്. ചേതനയറ്റ് കിടക്കുമ്പോള്‍ കൊടുക്കുന്ന പാഠവും ഒരാള്‍ കടന്നുവരുമ്പോള്‍ കൊടുക്കുന്ന ആദരവും ആളുകള്‍ തിരിച്ചറിയുകയും മനസിലാക്കുകയും തിരുത്തുകയും ചെയ്യുമെന്നും
സുരേഷ് ഗോപി പറഞ്ഞു.
താനും ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധത്തെ കുറിച്ച് ആ കുടുംബത്തിനും മകള്‍ക്കും നന്നായി അറിയാം. ആ അടുപ്പം അദ്ദേഹവുമായി ചേര്‍ന്നുനിന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അറിയാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു