അന്തരിച്ച പ്രിയനേതാവ് ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. തന്റെ അവസാന ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്നത് അദ്ദേഹത്തിന്റെ തന്നെ ആവശ്യമായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തന്നെയാണ് ഈ നിലപാട് സര്‍ക്കാരിനെ അറിയിച്ചത്. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിസഭായോഗത്തില്‍ എടുത്തത്. പക്ഷെ ഇക്കാര്യത്തില്‍ കുടുംബത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളതിനാല്‍ ഒരിക്കല്‍ കൂടി സമ്മതം ആരായാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് കുടുംബാഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഔദ്യോഗിക ബഹുമതി വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്
ഇതേ കുറിച്ച് മാധ്യമങ്ങള്‍ മകന് ചാണ്ടി ഉമ്മനോട് ആരാഞ്ഞപ്പോള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ ലഭിക്കരുതെന്നായിരുന്നു അപ്പയുടെ അവസാന ആഗ്രഹമെന്ന് അറിയിച്ചു. 'അപ്പ ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകും മുമ്പ് അമ്മയോട് ഇക്കാര്യം അറിയിച്ചിരുന്നു. അച്ഛന്റെ അവസാന ആഗ്രഹമായിരുന്നു അത് നിറവേറ്റണം.' എന്നാണ് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളെ അറിയിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് മൂന്നരയോടെ ഉമ്മന്‍ചാണ്ടിയുടെ ജന്മനാടായ പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടക്കും. നാലരയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നത്.