ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുവിട്ടിറങ്ങിയ മകന് തിരിച്ച് എത്തിയത് സന്യാസിയായിട്ടായിരുന്നു. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് സംഭവം.
പതിനൊന്നാമത്തെ വയസിലാണ് പിങ്കു എന്നയാള്‍ വീട് വിട്ട് ഇറങ്ങിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയത് പരമ്പരാഗത വസ്ത്രം ധരിച്ചാണ്. ഈ വീഡിയോ എല്ലാ സോഷ്യല്‍ മീഡിയയിലും വൈറലാണ്. ഇയാള്‍, മൂന്ന് തന്ത്രികളുള്ള പരമ്പരാഗത സംഗീത ഉപകരണമായ സാരംഗി വായിക്കുകയും അമ്മയോട് ഭിക്ഷ അഭ്യര്‍ത്ഥിക്കുമ്പോള്‍ വിഷാദ രാഗങ്ങള്‍ ആലപിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.
ജനപ്രിയ നാടോടിക്കഥകളിലെ കേന്ദ്ര കഥാപാത്രമായ ഭര്‍ത്തരി രാജാവിനെ കുറിച്ചുള്ള സമാനമായ ഒരു കഥയുമായാണ് ഇയാള്‍ നാടോടി ഗാനങ്ങള്‍ ആലപിക്കുന്നത്. സമ്പന്നമായ രാജ്യം ഉപേക്ഷിച്ച് രാജാവ് എങ്ങിനെയാണ് സന്യാസിയാകുന്നത് എന്നതാണ് ആ കഥ. ഏറെ നാളുകള്‍ക്ക് ശേഷം തിരിച്ചെത്തിയ മകന് പാടുമ്പോള്‍, അമ്മ ഭാനുമതി കരയുന്നതാണ് വീഡിയോയിലുള്ളത്. അതേസമയം, അമ്മയില്‍നിന്ന് ഭിക്ഷ വാങ്ങിയ പിങ്കു അധികം വൈകാതെ വീണ്ടും വീടുവിട്ടിറങ്ങി. തന്റെ സന്ദര്‍ശനം കുടുംബ ബന്ധങ്ങളുടെ ഭാഗമായല്ല, മറിച്ച് മതപരമായ ആചാരപ്രകാരമായിരുന്നുവെന്ന് പിങ്കു വ്യക്തമാക്കി. പിങ്കു വിശ്വസിക്കുന്ന സന്യാസ പാരമ്പര്യത്തില്‍, സന്യാസിമാര്‍ അമ്മയില്‍ നിന്ന് ദാനം സ്വീകരിക്കുന്ന ഒരു ചടങ്ങ് പൂര്‍ത്തിയാക്കണമെന്നുണ്ട്. ഈ പ്രതീകാത്മക പ്രവൃത്തി സന്യാസ ജീവിതത്തിലേക്കുള്ള അവരുടെ ഔദ്യോഗിക പരിവര്‍ത്തനത്തെയാണ് അടയാളപ്പെടുത്തുന്നത്. അതേസമയം, തന്റെ മകനെ സന്യാസ സംഘം പിടിച്ചുവെച്ചിരിക്കുകയാണെന്നും തിരിച്ചു ലഭിക്കാന്‍ പതിനൊന്ന് ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നതെന്നും അമ്മ ആരോപിച്ചു. തന്റെ കയ്യില്‍ 11 ലക്ഷം പോയിട്ട് 11 രൂപ പോലുമില്ലെന്നും അമ്മ പറഞ്ഞു.