വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കുമെന്ന് അറിയിച്ച് ഇലോണ്‍ മസ്ക്. ഇനി മുതല്‍ സന്ദേശങ്ങള്‍, ഓഡിയോ, വീഡിയോ കോളുകള്‍ എന്നിവയ്ക്കായി എക്സ് പ്ലാറ്റ്ഫോം മാത്രമേ ഉപയോഗിക്കുകയുള്ളു എന്നും ഇലോണ്‍ മസ്ക് പറയുന്നു.
എക്സിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. എക്സ് പ്ലാറ്റ്ഫോമിന്റെ ഓഡിയോ, വീഡിയോ കോളിംഗ് സൗകര്യങ്ങളെ പ്രമോട്ട് ചെയ്യുന്നതിനായുള്ള നീക്കമാണ് ഇതിലൂടെ മസ്ക് ലക്ഷ്യം ഇടുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ ഫീച്ചറുകള്‍ ആദ്യം പുറത്തിറക്കിയത്. അന്നുമുതല്‍ ഈ ഫീച്ചറുകള്‍ ഉപയോക്താക്കളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിന് മസ്ക് സജീവമായി ശ്രമിക്കുകയാണ്.
മസ്കിന്റെ ഈ അറിയിപ്പിന് താഴെ പലതരത്തിലുള്ള കമന്റുകളാണ് വരുന്നത്. 'ഞാന്‍ ഇനി ടെക്സ്റ്റ് അയയ്ക്കുന്നതിന് എന്റെ ഫോണ്‍ ഉപയോഗിക്കുന്നില്ല. ഞാന്‍ എന്റെ ബ്രെയിന്‍ വേവുകളും ന്യൂറല്‍ ഫ്ലോങ്ക് ലിങ്കുംമാണ് ഉപയോഗിക്കുന്നത് എന്ന് 2027-ല്‍ ഇലോണ്‍ പറയും,' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.