നെബ്രാസ്ക : നഗരത്തിലെ ഒരു മൃഗശാലയിലെ 36 വയസ്സുള്ള ചീങ്കണ്ണിയെ വൈദ്യ പരിചരണത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ പരിശോധിക്കുക പതിവായിരുന്നു. എന്നാല്‍ അന്ന് പരിശോധനയ്ക്കെത്തിയ ഡോക്ടര്‍മാര്‍ ഞെട്ടുകയായിരുന്നു. വയറ്റില്‍ ഉണ്ടായിരുന്നതെന്താണെന്ന് കണ്ടതോടെ ഉടന്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
തിബോഡോക്സ് എന്ന് പേരിട്ടിരിക്കുന്ന അമേരിക്കന്‍ അലിഗേറ്ററിനെയാണ് സാധാരണ വൈദ്യ പരിചരണത്തിന്റെ ഭാഗമായി രക്തശേഖരണത്തിനും എക്സ് റേ പരിശോധനക്കും വിധേയമാക്കിയത്. അപ്പോഴാണ് സംഭവം അറിഞ്ഞത്. ചീങ്കണ്ണിയുടെ വയറ്റില്‍ നിറയെ നാണയങ്ങള്‍ ആയിരുന്നു.
തുടര്‍ന്ന് തിബോഡോക്സിന് അനസ്തേഷ്യ നല്കി മയക്കിയ ശേഷം ശസ്ത്രക്രിയയിലൂടെ നാണയങ്ങള്‍ പുറത്തെടുക്കുകയായിരുന്നുവെന്ന് മൃഗശാലയിലെ അസോസിയേറ്റ് വെറ്ററിനറി ഡോക്ടര്‍ ക്രിസ്റ്റീന പ്ലൂഗ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
ചീങ്കണ്ണിയുടെ വായ പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് തുറന്നുവെച്ച ശേഷം നാണയങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സുരക്ഷിതമായി കടത്തിവിട്ടു. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് നാണയങ്ങളുടെ സ്ഥാനം കണ്ടെത്തി. വയറ്റില്‍ നിന്ന് 7 നാണയങ്ങള്‍ നീക്കം ചെയ്തു. തുടര്‍ന്നുള്ള എക്സ്റേയില്‍ ചീങ്കണ്ണിയുടെ വയറ്റില്‍ നാണയങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു.
മൃഗശാലയിലെ ജലാശയങ്ങളിലേക്ക് അതിഥികള്‍ എറിയുന്ന നാണയങ്ങളാവാം ചീങ്കണ്ണിയുടെ വയറ്റില്‍ എത്തിയതെന്ന് പോസ്റ്റില്‍ പറയുന്നു.