കുട്ടികള്‍ക്ക് വാശിയുണ്ടാവുക സ്വാഭാവികമാണ്. പലതരം വാശികള്‍ അവര്‍ പറയും. കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷണങ്ങള്‍ തുടങ്ങിയ വാശികള്‍ സ്വാഭാവികമായും കുട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു വാശിയുമായി എത്തിയ മകന് അത് സാധിച്ചുകൊടുത്തിരിക്കുകയാണ് ഇവിടെ ഒരു മാതാപിതാക്കള്‍.
പാകിസ്ഥാനില്‍ നിന്നുള്ള മാതാപിതാക്കളാണ് മകന്റെ ഒരു 'വല്ലാത്ത വാശിക്ക്' കൂട്ട് നിന്നത്. മകന്റെ വാശി അവന് ഒരു വിവാഹം കഴിക്കണം എന്നതായിരുന്നു.
പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ താന്‍ പഠനം തുടരൂ എന്ന് ആണ്‍കുട്ടി വാശി പിടിച്ചെന്നും ഇതോടെയാണ് കുടുംബാംഗങ്ങള്‍ വിവാഹ നിശ്ചയം നടത്തിയതെന്നും ആണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ കുടുംബം പരമ്പരാഗതമായ രീതിയില്‍ വിവാഹ നിശ്ചയ ചടങ്ങ് നടത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാവ് പതിനാറാം വയസിലും ആണ്‍കുട്ടിയുടെ മാതാവ് ഇരുപത്തിയഞ്ചാം വയസിലുമായിരുന്നു വിവാഹിതരായത്. എന്നിരുന്നാലും ഇത്രയും ചെറുപ്പത്തില്‍ വിവാഹിതരാകാനുള്ള മക്കളുടെ ആഗ്രഹത്തെ അവര്‍ പിന്തുണച്ചു.
എന്നാല്‍ വിവാഹ നിശ്ചയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. എന്നാല്‍ ഈ 'കുട്ടി' കല്യാണത്തെ പിന്തുണയ്ക്കുന്നവരും ഉണ്ട്. അതിനൊരു കാരണമുണ്ടെന്നാണ് അവര്‍ പറയുന്നത്. 'അവന്റെ പിതാവ് ഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തിന് ഒരു മകന് മാത്രമേയുള്ളൂ, അച്ഛന്റെ സന്തോഷത്തിന് വേണ്ടിയാണ് ഈ ചടങ്ങ്'- എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
പാകിസ്ഥാനില്‍ പുരുഷന്മാരുടെ വിവാഹപ്രായം പതിനെട്ടും സ്ത്രീകളുടേത് പതിനാറുമാണ്. അന്താരാഷ്ട്ര തലത്തില്‍ വിവാഹപ്രായം പതിനെട്ടാണ്.