18
MAR 2021
THURSDAY
1 GBP =104.15 INR
1 USD =83.41 INR
1 EUR =89.27 INR
breaking news : എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം >>> കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു >>> ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു >>> ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും!!! വാട്‌സ്ആപ്പിന്റെ മുന്നറിയിപ്പ് >>> 'കമ്മ്യൂമിറ്റിയുടെ പേര് ചീത്തയാക്കാന്‍ ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല, എന്നെ പുറത്താക്കരുതെന്ന് ഞാന്‍ അപേക്ഷിച്ചതാണ് ലാലേട്ടനോട്, പക്ഷെ മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി' ജാന്മോണി പറയുന്നു >>>
Home >> NEWS
ചട്‌നി… സാമ്പാർ… മസാലദോശൈയ്… മലയാളിയുടെ ഇഷ്ടവിഭവമൊരുക്കി ഗ്ലോസ്റ്റെർ എൻഎച്ച്എസ് കാന്റീൻ! ന്യൂട്രീഷൻ വീക്കിന്റെ ഭാഗമായി ദോശയും ചമ്മന്തിയും സായിപ്പുമാരുടെ മനവും കവർന്നു; നൊസ്റ്റാൾജിയ രുചിക്കൂട്ടിൽ മനസ്സുനിറച്ച് മലയാളി നഴ്‌സുമാരും, കാന്റീനുകളിൽ പതിവാകും

സ്വന്തം ലേഖകൻ

Story Dated: 2024-03-15

ചായ… വട.. ഉണ്ടംപൊരിയേ… 
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ് ശബ്ദംകേട്ട് തിരിഞ്ഞു നോക്കിയപ്പോൾ, മലയാളിയുടെ ചായക്കട കണ്ട്  അന്തംവിട്ടുവെന്നാണ് പഴങ്കഥ. 

എന്നാൽ ഡ്യൂട്ടിക്കിടെ ഭക്ഷണത്തിനായ്  യുകെയിലെ എൻഎച്ച്എസ് കാന്റീനിൽ എത്തുമ്പോൾ നല്ല ചൂടൻ സാമ്പാറും ചട്‌നിയും മസാലദോശയും കഴിക്കാൻ കിട്ടിയാലോ?

ഗ്ലോസ്റ്റെർഷെയർ എൻഎച്ച്എസ് ആശുപത്രിയിലെ മലയാളി സ്റ്റാഫുകൾക്കാണ് കഴിഞ്ഞ ദിവസം ആ അപൂർവ്വ അവസരം കൈവന്നത്. ഏറ്റവും കൂടുതൽ മലയാളി നഴ്സുമാര്‍ ജോലിചെയ്യുന്ന യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിലൊന്നാണിത്.

മാർച്ച്‌ 11 മുതൽ 17 വരെ ഇവിടെ നടക്കുന്ന ന്യൂട്രീഷൻ ആൻഡ് ഹൈഡ്രേഷൻ വീക്കിന്റെ ഭാഗമായാണ് മലയാളികളുടേയും ദക്ഷിണേന്ത്യക്കാരുടേയും ഇഷ്‌ട ഭക്ഷ്യവിഭവമായ ദോശയും വിശിഷ്ടാതിഥിയായി തീന്മേശയിലെത്തിയത്.

കാന്റീൻ ചുമതലക്കാരായ മലയാളി ജീവനക്കാർ തന്നെയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതും. ഈമാസം 17 വരെ എല്ലാവർഷവും  നടത്തുന്ന ന്യൂട്രീഷൻ ആൻഡ് ഹൈഡ്രേഷൻ വീക്കിലെ ഓരോദിവസവും പോഷകാഹാരപ്രദവും ശരീരത്തിലെ ജലാംശം നിലനിർത്തുന്നതുമായ ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രത്യേക വിഭവങ്ങളാണ് അവതരിപ്പിക്കുക.

മാർച്ച് 12 ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ജീവനക്കാരുടെ ഇഷ്ടവിഭവമൊരുക്കൽ ദിവസത്തിൽ മലയാളി നഴ്‌സുമാരുടെ രുചിവിഭവമായി ദോശയും സാമ്പാറും ഒരുക്കിയത്.

ഫൈബർ ഫ്രൈഡേ ഒന്നുപേരിട്ട മാർച്ച് 15 വെള്ളിയാഴ്ചസാധാരണ മെനുവിനൊപ്പം ലഘുഭക്ഷണത്തിനായി പച്ചക്കറികളുടേയും  പഴങ്ങളുടേയും വലിയ നിരയുണ്ടാകും.

ഇന്ത്യൻ മസാല രുചിക്കൂട്ടുകൾ വീണ്ടുമെത്തുന്നത്  പ്രോഗ്രാമിന്റെ അവസാന ദിവസമായ ഞായറാഴ്ചയാണ്.

കേരളത്തിന്റെ തനതായ രുചിക്കൂട്ടുമായി ദോശയും സാമ്പാറും നല്ല എരിവുള്ള  തേങ്ങാച്ചമ്മന്തിയും കിട്ടിയപ്പോള്‍, മലയാളി നഴ്സുമാർ അടക്കമുള്ള ഇന്ത്യൻ ജീവനക്കാര്‍ നൊസ്റ്റാൾജിക് കൊതിയോടെ കഴിച്ചുതീർത്തു. ദോശയും സാമ്പാറും ചട്ട്ണിയുമൊക്കെ സായിപ്പുമാരായ സ്റ്റാഫുകളുടേയും  മനം കവർന്നു.

ദോശദിവസം ചൂടപ്പം പോലെ വിറ്റുപോയത് 400 ലേറെ  തട്ടിൽപുട്ടി  ദോശകളാണ്. മസാല നിറച്ച ദോശകൾ വേറെ. ദോശയ്ക്ക് കൂട്ടായി സാമ്പാറും പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയുമൊക്കെ ചേർത്തരച്ച തേങ്ങാച്ചമ്മന്തിയും നാവിലെ രസമുകുളങ്ങളിൽ മലയാളി രുചിവിതറി!

ഗ്ലോസ്റ്റർ എൻഎച്ച്എസ് ആശുപത്രി ക്യാന്റീനിലെ പാചക  ചുമതലയുള്ള മലയാളികളായ ബെന്നി ഉലഹന്നാനും അരുള്‍, നൂവീദ് എന്നീ സഹ ജീവനക്കാരുമാണ് ദോശ ചുട്ടത്. കേരളത്തിൽ നിന്നുനേടിയ പാചകകലയിലെ കൈപ്പുണ്യം അവർ നന്നായി പ്രകടിപ്പിക്കുകയും ചെയ്‌തു.

മൂന്ന് പൗണ്ടാണ് ദോശയ്ക്കും സാമ്പാറിനും ചമ്മന്തിക്കും ഈടാക്കിയത്. എൻഎച്ച്എസ് സ്റ്റാഫുകൾക്ക്  50% ഡിസ്‌കൗണ്ടും നൽകി. സംഭവം കേട്ടറിഞ്ഞും രുചിയറിഞ്ഞും എത്തിയ എല്ലാവർക്കും ദോശ നൽകാൻ കഴിഞ്ഞില്ല എന്നതാണ് ബെന്നിയുടേയും  സഹപ്രവർത്തകരുടേയും ഇപ്പോഴത്തെ സങ്കടം.  

സ്റ്റാഫുകളുടെ ദോശപ്രിയവും ഗുണമേന്മയും  തിരിച്ചറിഞ്ഞതോടെ ആഴ്ചയില്‍ ഒരുദിവസം ദോശയും ചമ്മന്തിയും സാമ്പാറും പതിവാക്കാൻ മാനേജുമെന്റുമായുള്ള  ആലോചനയിലാണ് ക്യാന്റീൻ നടത്തിപ്പുകാർ ഇപ്പോൾ. 

സായിപ്പുമാർക്കും രുചിപിടിച്ചതോടെ നഴ്‌സുമാരും മറ്റുമായി നിരവധി മലയാളി സ്റ്റാഫുകളുള്ള യുകെയിലെ ഇതര എൻഎച്ച്എസ് ആശുപത്രി കാന്റീനുകളിലും, ദോശയ്ക്കും ഇഢലിക്കുമൊപ്പം  നാലുമണി പലഹാരങ്ങളായ പരിപ്പുവടയും സുഖിയനും ബോണ്ടയുമൊക്കെ എത്തുന്നകാലവും വിദൂരമല്ല.

More Latest News

എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം

ഇന്ന് എല്ലാ കടകളിലും ലഭിക്കുന്ന എക്കോ ഫ്രെണ്ട്‌ലി സ്‌ട്രോകള്‍ ശരീരത്തിന് അപകടകരമാണെന്ന് പഠനം പറയുന്നു. ഫുഡ് അഡിറ്റീവ്‌സ് ആന്റ് കണ്ടാമിനന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ് ഈ കാര്യങ്ങള്‍ പറയുന്നത്. പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം പറയുന്നു. ഇവ വിഘടിക്കാത്ത രാസപദാര്‍ങ്ങള്‍  അടങ്ങിയതാണെന്ന് പഠനം വ്യക്തമാക്കുന്നു. പഠനം നടത്തിയിരിക്കുന്നത് 39 ബ്രാന്റുകളിലാണ്. ഇതില്‍ 27 എണ്ണത്തിലും വിഷലിപ്തമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. പേപ്പര്‍ സ്‌ട്രോകളില്‍ പിഎഫ്എഎസ് കണ്ടെത്തിയിട്ടുണ്ട്.പിഎഫ്എഎസ് ഫോര്‍ എവര്‍ കെമിക്കലില്‍ ഉള്‍പ്പെടുന്നവയാണ്. പേപ്പറും വെള്ളവും തമ്മില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ സ്‌ട്രോകളില്‍ ഉപയോഗിക്കുന്നുണ്ട്.പഠനം നടത്തിയത് പേപ്പര്‍, ബാംബൂ, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവയുടെ 39 ബ്രാന്റുകളിലാണ്.പിഎഫ്എഎസ് കണ്ടെത്താതിരുന്നത് ഇതില്‍ സ്റ്റീല്‍ സ്‌ട്രോകളില്‍ മാത്രമാണ്. എല്ലാ തരം സ്‌ട്രോകളിലും പിഎഫ്എഎസ് കണ്ടെത്തിയെങ്കിലും  പ്രാഥമികമായി ഇത് കണ്ടെത്തിയത് സസ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ട്രോകളിലാണ്.  

കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു

കേരളത്തില്‍ മെയ് ഒന്നുമുതല്‍ ഡ്രെവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചു. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്. എംവിഡിയുടെ കീഴില്‍ വരുന്ന എട്ട് ഓട്ടോമേറ്റഡ് ട്രാക്കുകളാണ് ഇനിയും സജ്ജമാക്കേണ്ടതായിട്ടുള്ളത്. 77 ഓഫീസുകളില്‍ ടെസ്റ്റിന് ആവശ്യമായ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് അനുസൃതമായി വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും തുക അനുവദിക്കാത്തത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. മെയ് ഒന്ന് മുതല്‍ റിവേഴ്‌സ് പാര്‍ക്കിംഗ്, ഗ്രേഡിയന്റ് പരീക്ഷണം എന്നിവയാണ് കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന സജ്ജീകരണങ്ങള്‍ നടത്താത്തതെ എങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രായോഗികമാക്കും എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ മാത്രമാണ് പ്രാബല്യത്തില്‍ വരുത്താനാകുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിഐടിയുവിന് കീഴിലെ ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാന്‍ യൂണിയന്‍ നേതൃത്വം അറിയിക്കുകയായിരുന്നു. ഡ്രൈവിങ് പരിഷ്‌കരണം മരവിപ്പിക്കാന്‍ മന്ത്രി തയാറാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചത്.

ഭാര്യ സ്ഥിരമായി സുഹൃത്തുക്കളുമായി വീഡിയോ കോളില്‍, ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, വലതുകൈ വെട്ടാനുള്ള ശ്രമത്തിനിടെ അയല്‍വാസികളെത്തി യുവതിയെ രക്ഷിച്ചു

സുഹൃത്തുക്കളുമായി സ്ഥിരമായി വീഡിയോ കോളില്‍ സംസാരിക്കുന്നത് പതിവാക്കിയ ഭാര്യയുടെ പ്രവര്‍ത്തി അസഹനീയമായി തോന്നിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം.  നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഭാര്യ ഒരു സുഹൃത്തുമായി വീഡിയോകോളിലൂടെ സംസാരിക്കവേ ആണ് സംഭവം. ഭാര്യയുടെ വലതുകൈ വെട്ടിമാറ്റാനാണ് ഭര്‍ത്താവ് ശ്രമിച്ചത്. എന്നാല്‍ അയല്‍വാസികളെത്തി രേവതിയെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഗുഡിയാത്തം പോലീസ് സ്റ്റേഷനിലെത്തി ശേഖര്‍കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖര്‍ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു.  പതിവായി വീഡിയോകോള്‍ ചെയ്യുന്നതിനെച്ചൊല്ലി ശേഖറും രേവതിയും തമ്മില്‍ പലതവണ വഴക്കുണ്ടായിട്ടുണ്ട്. സംഭവദിവസവും രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. ആദ്യം ഗുഡിയാത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും!!! വാട്‌സ്ആപ്പിന്റെ മുന്നറിയിപ്പ്

ഇന്ത്യയില്‍ മാത്രം 400 മില്യണ്‍ ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന് ഉള്ളത്. പ്രവസി ഫീച്ചറുകള്‍ നിരവധിയുള്ളതിന്റെ പേരിലും, ഉപയോക്താവിന്റെ സ്വകാര്യതയില്‍ മാനിക്കുന്ന ആപ്പായതു കൊണ്ടുമാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ ഇന്ത്യ വിടുമെന്ന മുന്നറിയിപ്പാണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യവിടുമെന്നുമാണ് വാട്‌സ്ആപ്പ് നല്‍കിയിരിക്കുന്നത്. ചാറ്റുകളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാല്‍ ഇന്ത്യ വിടുമെന്ന് വാട്‌സ്ആപ്പ് ദില്ലി കോടതിയെ ആണ് വാട്‌സ്ആപ്പ് അറിയിച്ചത്. രാജ്യത്തെ പുതിയ ഐടി നിയമപ്രകാരം സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. ഐ.ടി നിയമഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വാട്‌സ്ആപ്പ് നിലപാട് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഐ.ടി നിയമഭേദഗകള്‍ അവതരിപ്പിച്ചത് കൂടിയാലോചനകളില്ലാതെയാണെന്ന് വാട്‌സ്ആപ്പ് അവകാശപ്പെട്ടു. പുത്തന്‍ നിയമം ഉപഭോക്താക്കളുടെ സ്വകാര്യതയ്‌ക്കെതിരാണെന്നും വാട്‌സ്ആപ്പ് കോടതിയെ അറിയിച്ചു. സ്വകാര്യ ഉറപ്പ് നല്കുന്നതിനാലാണ് കൂടുതല്‍ ഉപഭോക്താക്കള്‍ വാട്‌സാപ്പ് ഉപയോ?ഗിക്കുന്നതെന്ന് കമ്പനി അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 പ്രകാരമുള്ള ഉപയോക്താക്കളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഈ ചട്ടങ്ങള്‍.  

'കമ്മ്യൂമിറ്റിയുടെ പേര് ചീത്തയാക്കാന്‍ ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല, എന്നെ പുറത്താക്കരുതെന്ന് ഞാന്‍ അപേക്ഷിച്ചതാണ് ലാലേട്ടനോട്, പക്ഷെ മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി' ജാന്മോണി പറയുന്നു

ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഏറ്റവും ശ്രദ്ധപ്പെട്ട മത്സരാര്‍ത്ഥിയാണ് ജാന്മോണി ദാസ്. മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് എടുത്ത് പ്രയോഗിക്കാന്‍ തക്ക കാര്യങ്ങള്‍ ഷോയില്‍ പറഞ്ഞ് നരവധി പ്രശ്‌നങ്ങളില്‍ ജാന്മോണി പെട്ടു പോയിട്ടുണ്ട്. ആഴ്ചാവസാനം ഉള്ള എപ്പിസോഡുകളില്‍ ലാലേട്ടന്‍ എത്തവേ ജാന്‍മോണിയെ എയറില്‍ നിറുത്തിയിട്ടുമുണ്ട്. എന്നാല്‍ ഇതേ കുറിച്ചെല്ലാം പുറത്ത വന്ന ശേഷം താരം പറയുകയാണ്.  കേരളത്തില്‍ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്ക് അപ്പില്‍ ടോപ് പൊസിഷനില്‍ നില്‍ക്കുന്ന മേക്ക് അപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്മോണി ദാസ്. മേക്ക് അപ്പ് ആര്‍ടിസ്റ്റ് എന്നതിലുപരി ട്രാന്‍സ് ജെന്‍ഡര്‍ കൂടിയായ ജാന്മോണി ക്വീര്‍ കമ്മ്യൂണിയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്ത്തി കൂടിയാണ്. ബിഗ് ബോസിലെത്തിയ ആദ്യ ദിനത്തില്‍ താന്‍ 100 ദിവസം ബിഗ്ഗ് ബോസ് ഹൗസില്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ച ജാന്മോണിക്ക് പക്ഷെ അമ്പത് ദിവസം തികയും മുന്‍പ് പുറത്തു പോകേണ്ടി വന്നു. ഇതേ കുറിച്ചെല്ലാമാണ് താരം പറയുന്നത്.  ജാന്മോണിയുടെ വാക്കുകള്‍ ഇങ്ങനെ:''എന്റെ അച്ഛന് റെയില്‍വേയിലാണ് ജോലി. ഒരു ഇന്റര്‍വ്യൂവില്‍ ആങ്കര്‍ രഞ്ജുവിനോട് ജാന്മണി ട്രെയ്‌നില്‍ കയറി കേരളത്തില്‍ വന്നെന്ന് പറഞ്ഞു. എനിക്ക് ആ കുട്ടിയോട്‌ചോദിക്കാനുള്ളത് ഞാന്‍ എങ്ങനെയാണ് വന്നതെന്ന് ആ കുട്ടി കണ്ടോ എന്നാണ്. കൊച്ചിയില്‍ ആദ്യം വരുന്നത് ഫ്‌ലൈറ്റിലാണ്, സഹോദരിക്കൊപ്പം സിനിമ ചെയ്യാന്‍. എന്റെ ആന്റിയും സഹോദരിയും നടിമാരാണ്. എന്നാല്‍ ബിസിനസ് ക്ലാസില്‍ പോകുന്ന ആളാണ്, ബെന്‍സിലും ബിഎംഡബ്ല്യുവിലുമേ പോകൂ എന്നില്ല. ഞാന്‍ ഓട്ടോയിലും പോകുന്ന ആളാണ്. എനിക്ക് ഓട്ടോ ആണ് ഇഷ്ടം. എക്കണോമിക്കലി ഒരാളെ നമ്മള്‍ക്ക് ജഡ്ജ് ചെയ്യാന്‍ പറ്റില്ല. നമ്മുടെ പെരുമാറ്റമാണ് വിലയിരുത്തേണ്ടത്.  ഗബ്രിയുള്‍പ്പെടയുള്ളവര്‍ പ്രകോപിപ്പിച്ചപ്പോഴാണ് എനിക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന ആളാണെന്ന് പറയേണ്ടി വന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂമിറ്റിയുടെ പേര്ചീത്തയാക്കാന്‍ വേണ്ടി ഞാനൊരു തെറ്റും ബിഗ് ബോസ് വീട്ടില്‍ ചെയ്തിട്ടില്ല. ആത്മഹത്യയുടെ വക്കില്‍ നിന്നും തിരിച്ചെത്തിയ ആളാണ് ഞാന്‍. കൊറോണ കഴിഞ്ഞ് എന്നോട് ഒരാള്‍ ചോദിച്ചിട്ടില്ല. വെള്ളപ്പൊക്കത്തിന്റെ സമയത്ത് മൂന്ന് മാസം ഞാന്‍ ഹോട്ടലില്‍ താമസിച്ചു. ഒരാള്‍ പോലും എന്റെ വീട്ടില്‍ താമസിക്കെന്ന് പറഞ്ഞിട്ടില്ല.  ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ലാലേട്ടനോട് ഞാന്‍ അപേക്ഷിച്ചതാണ്. എനിക്ക് ദേഷ്യം വന്നത് പിറ്റേ ദിവസം മനുഷ്യത്വമെന്ന് പറഞ്ഞ് അദ്ദേഹം എല്ലാവരെയും സേഫ് ആക്കി. എന്തുകൊണ്ട് എന്നെ സേഫ് ആക്കിയില്ല. ഞാനത്ര ചീത്ത ആളൊന്നും അല്ലല്ലോ.... പുറത്തു വന്ന ശേഷമുള്ള ആ ഒരാഴ്ച ഞാന്‍ ഒന്നും കഴിച്ചിട്ടില്ല'' കരഞ്ഞു കൊണ്ട് ജാന്മോണി ചോദിച്ചു. പുകവലി ശീലത്തെക്കുറിച്ചും ജാന്മോണി സംസാരിച്ചു. ''ഞാന്‍ മദ്യപിക്കാറില്ല. ഡിപ്രഷന്റെ സമയത്താണ് സിഗരറ്റ് വലിച്ച്തുടങ്ങിയത്. എന്നെ പഠിപ്പിച്ചത് എന്റെ അനിയനാണ്. പുകവലി നിര്‍ത്താന്‍ ആഗ്രഹമുണ്ട്....'' ജാന്മോണി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.  

Other News in this category

  • സിക്ക് ലീവ് ഇനിമുതൽ സില്ലിയാകില്ല..! സിക്ക് നോട്ട് നൽകാനുള്ള അധികാരം ജിപിമാരിൽ നിന്നും നീക്കും; സീനിയർ നഴ്‌സുമാർക്കും ഫാർമസിസ്റ്റുകൾക്കും നൽകാനാകില്ല; ഋഷി സുനക്കിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി എൻഎച്ച്എസ് ജീവനക്കാരും ചാരിറ്റി സംഘടനകളും
  • വോട്ടുചെയ്യാൻ 2 ദിവസത്തിനിടെ നാട്ടിലെത്തിയത് യുകെയിൽ നിന്നടക്കം 22000 പ്രവാസി മലയാളികൾ! സൗജന്യ ടിക്കറ്റ് നൽകിയും ചാർട്ടേർഡ് വിമാനത്തിലും പാർട്ടികൾ പ്രവാസികളെ എത്തിച്ചു; പതിവ് അവകാശവാദവുമായി യു.ഡി.എഫും എൽ.ഡി.എഫും, തൃശൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപി
  • ഇന്ത്യക്കാർക്ക് രണ്ടുവർഷം വരെ പലതവണ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാം! ഷെൻഗെൻ വിസ നിയമത്തിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ യൂണിയൻ, വൈരുധ്യമായി ബ്രിട്ടീഷ് നിയമം..! യുകെയിലേക്കുള്ള പ്രവേശനം സാധ്യമാകില്ല, മാറ്റങ്ങൾ അറിയുക
  • യുകെയിൽ വീണ്ടും ഇന്ത്യൻ ഡോക്ടർമാരുടെ സുവർണ്ണകാലം! പ്ലാബ് ടെസ്‌റ്റ് ഒഴിവാക്കിയതിന് പുറമേ, നിർബന്ധിത പരിശീലന സമയവും കുറയ്ക്കുന്നു; എൻഎച്ച്എസിലടക്കം 2000 ഡോക്ടർമാരുടെ ഒഴിവുകൾ! മലയാളികൾ അടക്കം ആയിരക്കണക്കിന് ഇന്ത്യൻ ഡോക്ടർമാരുടെ നിയമനം തുടരുന്നു
  • സ്നേഹവും സഹായവും സമ്മാനിച്ച് അതിവേഗം മടങ്ങി.! രാജേഷ് ഉത്തമരാജ് ഇനി ഓർമ്മകളിൽ ജീവിക്കും; ആറുമണിക്കൂർ കാറോടിച്ചുവരെ സംസ്കാരച്ചടങ്ങിന് സുഹൃത്തുക്കളെത്തി!
  • ഒ.ഇ.ടി. എക്‌സാം സെന്ററിലെ തട്ടിപ്പ്: കൃത്യമായ മറുപടിയില്ല, മലയാളി നഴ്‌സുമാർ അടക്കം അന്വേഷണം നേരിടുന്ന ഭൂരിഭാഗം പേർക്കും പിൻ നമ്പർ നഷ്ടമാകും; കേരളത്തിലെ പ്രമുഖ ഒഇടി കേന്ദ്രങ്ങളും അന്വേഷണ പരിധിയിൽ, തട്ടിപ്പ് തുടരുന്നതായും ആരോപണം!
  • സ്പ്രിങ് സീസണിലെ കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ, ഏഴുലക്ഷത്തിലധികം പേർ ഇതുവരെ ബുക്കുചെയ്‌തു; സൗജന്യ വാക്‌സിനേഷൻ ആർക്കൊക്കെ, എവിടെ നിന്നും ലഭിക്കുമെന്ന് അറിയുക, കോവിഡ് ഇപ്പോഴും ജീവനെടുക്കുന്ന വില്ലനെന്ന് മുന്നറിയിപ്പ്!
  • യുകെയിൽ കൊഴിയുന്ന ജീവിതങ്ങൾ.. എസ്സെക്‌സിലെ മലയാളി നഴ്‌സ് അരുൺ, ജീവനൊടുക്കാൻ കാരണം ജോലിയിലെ സമ്മർദ്ദമെന്ന് സംശയം! പുതിയ മലയാളി നഴ്‌സുമാരും കെയറർമാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൗൺസിലർമാർ, പ്രശ്നപരിഹാരങ്ങൾ അറിയണം
  • ഇസ്രയേൽ തിരിച്ചടിക്കുന്നു.. ഗൾഫിലൂടെ നാട്ടിലേക്കും തിരിച്ചുമുള്ള യുകെ മലയാളികളുടെ യാത്ര ഇനി സുരക്ഷിതമാകില്ല, മിസ്സൈൽ പതിച്ചത് ആണവ നഗരത്തിൽ! ഇറാൻ പ്രത്യാക്രമണം നടത്തിയാൽ യുദ്ധം രൂക്ഷമാകും, വർഷങ്ങളോളം നീണ്ടേക്കാം, ആണവ യുദ്ധത്തിന് വഴിവച്ചേക്കാം!
  • കനത്ത മഴയും വെള്ളപ്പൊക്കവും… ഫ്‌ളൈറ്റുകൾ റദ്ദാക്കിയപ്പോൾ യു.എ.ഇ വഴി നാട്ടിലേക്കുപോയവരും തിരികെ വരുന്നവരും കുടുങ്ങി; ഇറാൻ - ഇസ്രായേൽ യുദ്ധഭീഷണിയിൽ മുംബൈ വഴി യാത്രചെയ്യുന്ന പ്രവാസികളുടെ എണ്ണവും കുത്തനെ വർദ്ധിച്ചു, റദ്ദാക്കിയ സർവ്വീസുകൾ അറിയുക
  • Most Read

    British Pathram Recommends