പുതുവര്‍ഷം പിറന്നത് മുതല്‍ വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചറുകളുടെ പരീക്ഷണമാണ്. ഇപ്പോഴിതാ പതിവ് പോലെ തന്നെ മറ്റൊരു ഫീച്ചറാണ് വാട്സ്ആപ്പിലേക്ക് എത്തുന്നത്. നിലവില്‍ മുപ്പത് സെക്കന്റ് വരെ മാത്രമുള്ള സ്റ്റാറ്റസ് അപ്ലോഡിന്റെ സമയത്തില്‍ ആണ് മാറ്റം വരുന്നത്.
പുതിയ അപ്ഡേഷന് പ്രകാരം വരുന്നതോടെ ഒരുമിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാനാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്സാപ്പ് ബീറ്റ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ഇത് ലഭിക്കുന്നത്. വരും ആഴ്ചകളില്‍ ഇത് കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്റ്റാറ്റസ് അപ്ഡേറ്റുകള് വഴി പങ്കിടുന്ന ദൈര്‍ഘ്യമേറിയ വിഡിയോകള്‍ കാണുന്നതിന് ഉപയോക്താക്കള്‍ വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതായി വന്നേക്കാം.
നേരത്തെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നതില്‍ നിയന്ത്രണം വരുത്തിയിരുന്നു. കൂടാതെ ആരുടെയെങ്കിലും സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ പരാമര്‍ശം ഉപയോക്താക്കളെ അറിയിക്കുന്നതു പോലെയുള്ള നിരവധി പുതിയ അപ്ഡേറ്റുകളും കുറച്ച് ദിവസങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പ്രൈവസി ഫീച്ചര്‍ അനുസരിച്ച് മറ്റുള്ളവരുടെ പ്രൊഫൈലില്‍ കയറിയുള്ള സ്ക്രീന്‍ഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത മുന്‍നിര്‍ത്തിയാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡില്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉടനെ ഐഫോണില്‍ ഈ ഫീച്ചറെത്തുമെന്നാണ് പ്രതീക്ഷ.