സ്വന്തം പ്രയത്നം കൊണ്ട് മുന്‍നിരയില്‍ എത്തുന്നവര്‍ എന്നും കൈയ്യടി നേടിയിട്ടേ ഉള്ളൂ. അതുപോലെ കൈയ്യടി നേടുകയാണ് പ്രഥം പ്രകാശ് ഗുപ്തയെന്ന വിദ്യാര്‍ത്ഥി.
അലഹബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയിലെ എം.ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ഗുപ്തയ്ക്ക് ഗൂഗിളില്‍ നിന്ന് 1.4 കോടിയുടെ വാര്‍ഷിക പാക്കേജിലാണ് ജോലി ലഭിച്ചിരിക്കുന്നത്. ഇത് പ്രതിമാസം ഏകദേശം 11.6 ലക്ഷം രൂപയ്ക്ക് തുല്യമാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുപ്തയെ കൂടാതെ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ എം.ടെക് ബാച്ചിലെ മറ്റ് നിരവധി വിദ്യാര്‍ത്ഥികളും മികച്ച ടെക് കമ്പനികളില്‍ കോടികളുടെ പാക്കേജുകളില്‍ ജോലി സ്വന്തമാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയം. ഗൂഗിളിന്റെ ലണ്ടന്‍ ബ്രാഞ്ചില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായാണ് ഗുപ്തയെ നിയമിച്ചത്. ഈ വര്‍ഷം തന്നെയാണ് കമ്പനിയില്‍ ജോലി ആരംഭിക്കുന്നത്. എന്നാല്‍ കൃത്യമായ സമയം വെളിപ്പെടുത്തിയിട്ടില്ല.
'കഴിഞ്ഞ കുറച്ച് മാസങ്ങളായി, ലോകത്തിലെ ഏറ്റവും വലിയ ചില ഓര്‍ഗനൈസേഷനുകളില്‍ നിന്ന് അതിശയകരമായ ഓഫറുകള്‍ നേടാന്‍ എനിക്ക് ഭാഗ്യമുണ്ടായി. എന്നാല്‍ ഗൂഗിളില്‍ നിന്നുള്ള ഒരു ഓഫര്‍ ഞാന്‍ സ്വീകരിച്ച വിവരം നിങ്ങളുമായി പങ്കുവെക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ വര്‍ഷം എന്റെ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ തന്നെ അവരുടെ ലണ്ടനിലെ ബ്രാഞ്ചില്‍ ഒരു സോഫ്റ്റ്വെയര് എഞ്ചിനീയറായി ഞാനും അവരോടൊപ്പം ചേരും. എന്റെ കരിയറിലെ ഈ പുതിയ ഘട്ടത്തില്‍ വളരെ ആവേശത്തിലാണ് ഞാന്‍'. സന്തോഷ വിവരം പങ്കുവെച്ച് ഗുപ്ത കുറിച്ചതിങ്ങനെ. കഴിഞ്ഞ ഏപ്രിലില്‍ ലഖ്നൗവിലെ ഐഐഐടിയിലെ ബിടെക് (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിജിത്ത് ദ്വിവേദിയും ആമസോണില്‍ 1.2 കോടി രൂപയുടെ പാക്കേജ് നേടിയിരുന്നു.