ഹരിപ്പാട് തുലാമ്പറമ്പ് വടക്ക് മണ്ണാറപ്പുഴഞ്ഞിയില്‍ ദീപ്തി(26)യാണ് 48 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടിലെ കിണറ്റിലെറിഞ്ഞു കൊന്നത്. നൂലുകെട്ടിനു ശേഷം കുഞ്ഞ് തുടര്‍ച്ചയായി കരയാറുണ്ടെന്നും അതു തനിക്ക് വലിയ അസ്വസ്ഥതയുണ്ടാക്കിയതായും ദീപ്തി മൊഴി നല്‍കിയതായി ഹരിപ്പാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഒ. ശ്യാംകുമാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ദീപ്തി കൗണ്‍സലിങ്ങിനു വിധേയയായിരുന്നു. ശനിയാഴ്ച കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോഴുണ്ടായ അസ്വസ്ഥതയെത്തുടര്‍ന്നാണ് വീട്ടിലെ കിണറ്റിലേക്കിട്ടതെന്നാണ് ദീപ്തിയുടെ മൊഴി.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ദീപ്തി വണ്ടാനം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യവിഭാഗത്തില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. കുഞ്ഞിനെ കൊന്നതാണെന്നു വ്യക്തമായതിനാല്‍ ഇപ്പോള്‍ കൊലപാതകക്കുറ്റം ഉള്‍പ്പെടുത്തിയാണ് കേസ്. ആശുപത്രി വിടുന്നതോടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തും.
ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ മരിച്ചനിലയില്‍ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ എത്തിച്ചത്. കുളിപ്പിക്കുന്നതിനിടെ പ്ലാസ്റ്റിക്പാത്രത്തിലെ വെള്ളത്തില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ പറഞ്ഞത്. സംശയംതോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിച്ചു. വീട്ടുകാര്‍ പോലീസിനും ഇതേ മൊഴിതന്നെയാണ് നല്‍കിയത്.
കുഞ്ഞിന്റെ മൃതദേഹം ഞായറാഴ്ച വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് വെള്ളത്തില്‍ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യംചെയ്യലില്‍ അമ്മ കുറ്റംസമ്മതിച്ചതായും പോലീസ് പറഞ്ഞു.