പത്തനംതിട്ട കലഞ്ഞൂരില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. അടൂരില്‍ നിന്നാണ് സന്തോഷിനെ കൂടല്‍ പൊലീസ് അറസ്റ്റുചെയ്തത്. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയുടെ കൈകളാണ് ഭര്‍ത്താവ് സന്തോഷ് വെട്ടി മാറ്റിയത്. വിവാഹമോചന കേസ് നടക്കുന്നതിനിടെയായിരുന്നു അക്രമം.
ആക്രമണത്തില്‍ വിദ്യയുടെ ഒരു കൈപ്പത്തി അറ്റുപോയിരുന്നു. കൈമുട്ടിന് താഴെയും ഗുരുതര മുറിവേറ്റു. വിദ്യയുടെ മുടിയും പ്രതി മുറിച്ചുമാറ്റിയിരുന്നു. വടിവാളുപയോഗിച്ചുള്ള ആക്രമണം തടയാന്‍ ശ്രമിച്ച വിദ്യയുടെ പിതാവ് വിജയനും വെട്ടേറ്റു. ഗുരുതരാവസ്ഥയിലായ യുവതിയെയും പിതാവിനെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. ഏറെ നാളായി ഭാര്യയെ ആക്രമിക്കാന്‍ പ്രതി പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.