രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ തെരുവുനായയെ കാറില്‍ കെട്ടി വലിച്ച് ഡോക്ടറുടെ ക്രൂരത. രജനീഷ് ഗാല്‍വ എന്നയാളാണ് തെരുവു നായയെ തന്റെ കാറില്‍ കെട്ടിവലിച്ചിഴച്ചത്. ഇയാള്‍ക്കെതിരെ കേസ് എടുത്തതായി ജോധ്പൂര്‍ പൊലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് സംഭവം. തെരുവു നായയെ വലിച്ചിഴക്കുന്നത് കണ്ട ബൈക്കിലെത്തിയ മറ്റൊരു യാത്രക്കാരന് രജനീഷിനോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തിയ ഇയാളില്‍ നിന്നും നായയെ രക്ഷിക്കുകയായിരുന്നു. പിന്നീട് ഡോഗ് ഹോം ഫൗണ്ടേഷനെ വിവരം അറിയിച്ചു. നായയെ റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നായ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നായയെ കെട്ടിവലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നായ്ക്ക് ഗുരുതരമായി പരിക്കേറ്റു. തന്റെ വീടിന് സമീപത്താണ് ഈ തെരുവ് നായ താമസിക്കുന്നത്. അതിനെ അവിടെ നിന്നും മാറ്റാനാണ് ശ്രമിച്ചതെന്ന് ഡോക്ടര്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ ഡോഗ് സ്ക്വാഡ് പോലീസിന് പരാതി നല്‍കുകയായിരുന്നു.