ഇതര സമുദായത്തില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ കനാലില്‍ തളളിയിട്ട് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെല്ലാരിയിലെ കുഡത്തിനി ടൗണിലെ കനാലിലാണ് മകളെ തളളിയിട്ടത്. പെണ്‍കുട്ടിയുടെ അച്ഛന് ഓംകാര്‍ ഗൗഡയെ കുഡത്തിനി പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് പല തവണ പറഞ്ഞിരുന്നുവെങ്കിലും പെണ്‍കുട്ടി ഇതിന് തയ്യാറാവാതെ വന്നതോടുകൂടിയാണ് മകളെ കൊലപ്പെടുത്തിയതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.
ഒക്ടോബര്‍ 31നാണ് സംഭവം. പിതാവ് മകളെയും കൂട്ടി സിനിമ കാണാനായാണ് പുറത്ത് പോയത്. പക്ഷേ തിയേറ്ററില്‍ എത്തിയപ്പോള്‍ വൈകിയതിനാല്‍ സിനിമ കാണാനായില്ല. തിയേറ്റര്‍ വിട്ട് ഇരുവരും ഒരു ക്ഷേത്രത്തിലേക്ക് പോയി, തുടര്‍ന്ന് അടുത്തുള്ള കടയില്‍ നിന്നും മകള്‍ക്ക് ആഭരണങ്ങള്‍ വാങ്ങി നല്കി. തിരിച്ചുവരുമ്പോള്‍ മകളെ കനാലിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും വെള്ളത്തിലേക്ക് തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൊലയ്ക്ക് ശേഷം ഇയാള്‍ തിരുപ്പതിയിലേക്ക് കടന്നു. പിന്നാലെ ഭര്‍ത്താവിനെയും മകളെയും കാണാനില്ലെന്നുകാണിച്ച് ഭാര്യ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച തിരിച്ചെത്തിയ ഓംകാര്‍ ഗൗഡ പൊലീസില്‍ കീഴടുങ്ങുകയായിരുന്നു. പ്രതിയുടെ മൊഴിയിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തിനായുളള തെരച്ചില്‍ പൊലീസ് ആരംഭിച്ചു.