ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസിന്റെ വിചാരണക്കായി കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന കര്‍ദിനാളിന്റെ ഹര്‍ജി കോടതി തള്ളി. നേരിട്ട് ഹാജരാക്കുന്നതില്‍ കര്‍ദിനാളിന് ഇളവ് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നേരിട്ട് ഹാജരായി ജാമ്യമെടുത്ത ശേഷം ഇളവിനായി അപേക്ഷ നല്‍കാമെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവിലുണ്ട്. ഹര്‍ജി തള്ളിയതോടെ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കര്‍ദിനാള്‍ നേരിട്ട് ഹാജരാക്കണം. ഏഴ് കേസുകളില്‍ വിചാരണയ്ക്ക് നേരിടാന്‍ നേരത്തെ കാക്കനാട് മജിസ്ട്രേറ്റ് കോടതി കര്‍ദിനാളിനോട് ആവശ്യപ്പെട്ടിരുന്നു.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇ.ഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് അതിരൂപതയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്റെ ഭാ?ഗമായി ഇടനിലക്കാര്‍ക്കും ഇ.ഡി നോട്ടീസ് അയച്ചിരുന്നു.
കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭൂമിയിടപാടില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇടപാടുകള്‍ കാനോന്‍ നിയമപ്രകാരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അതേസമയം, ആലഞ്ചേരിയുടെ വിചാരണയില്‍ നിന്ന് ഒഴിവാക്കാനുള്ള അപ്പീല്‍ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനം രാജി വച്ച് വിചാരണ നേരിടണമെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.
കഴിഞ്ഞു 5വര്‍ഷങ്ങള്‍ക്കിടയില്‍ എറണാകുളം അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് 14 കേസുകളില്‍ നിരന്തരം കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിയിട്ടും സ്വന്തം കസേരയില്‍ അള്ളിപിടിച്ചിരിക്കുകയാണ് കര്‍ദിനാള്‍ ആലഞ്ചേരിയെന്ന് അല്മായ മുന്നേറ്റം ആരോപിച്ചു. കെസിബിസി പ്രസിഡന്റ് സ്ഥാനവും മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനവും അലങ്കരിക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരി കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ വിശ്വാസികളെയും ലോകം എങ്ങുമുള്ള സീറോ മലബാര്‍ സഭ വിശ്വാസികളെയും ആണ് അവഹേളിക്കുന്നത്. കെസിബിസി പ്രസിഡന്റ് സ്ഥാനവും മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്ഥാനവും ഉടന്‍ ഒഴിയണമെന്നും അല്മായ മുന്നേറ്റം കോര്‍ഡിനേഷന്‍ സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.