സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ സംഭവം നടന്നിട്ടും നാലുവര്‍ഷം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ തുടരുന്നതിനിടെ, പുതിയ അവകാശ വാദവുമായി യുവാവ് രംഗത്ത്. ആക്രമണം നടത്തിയത് ആത്മഹത്യ ചെയ്ത ആര്.എസ്.എസ് പ്രവര്‍ത്തകനായ തന്റെ സഹോദരനെന്നാണ് യുവാവിന്റെ മൊഴി. മരിക്കും മുമ്പ് അക്കാര്യം തന്നോട് സഹോദരന് വെളിപ്പെടുത്തിയെന്നാണ് കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.
പ്രശാന്തിന്റെ സഹോദരന് പ്രകാശും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി. പ്രകാശ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തിരുന്നു. പ്രകാശും സുഹൃത്തുക്കളും ആര് എസ് എസ് പ്രവര്‍ത്തകരാണെന്നുമാണ് സഹോദരന്റെ മൊഴി. സംഭവത്തിന് ശേഷം സുഹൃത്തുക്കള്‍ പ്രകാശനെ മര്‍ദിച്ചിരുന്നെന്നും മൊഴിയിലുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം.
സത്യം പുറത്ത് വന്നതില്‍ സന്തോഷമുണ്ടെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. താനാണ് ആശ്രമം കത്തിച്ചത് എന്നുവരെ പലരും പറഞ്ഞിരുന്നെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു.