മുന്‍ മന്ത്രിയും ചെങ്ങന്നൂര്‍ എംഎല്‍എയുമായ സജി ചെറിയാനെതിരായ ഭരണഘടനാ വിരുദ്ധ പ്രസംഗ കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് നീക്കം. കേസില്‍ സജിക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
മല്ലപ്പള്ളിയിലെ പാര്‍ട്ടി വേദിയില്‍ ഇന്ത്യന്‍ ഭരണഘടനയെ ''ചൂഷണത്തിന് ഏറ്റവും ഉതകുന്ന, കൊള്ളയടിക്കാന്‍ സഹായം നല്കുന്ന നിയമങ്ങളുള്ളത്''എന്ന് അദേഹം വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു.
മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളെ കുന്തം, കുടചക്രം എന്ന് സംബോധന ചെയ്ത് സജി ആക്ഷേപിച്ചിരുന്നു. തൊഴില്‍ സമരങ്ങള്‍ അംഗീകരിക്കാത്ത, തൊഴിലാളികളെ ചൂഷണത്തിന് വിധേയരാക്കുന്നതാണ് ഭരണഘടനയെന്നും അയാള്‍ പറഞ്ഞിരുന്നു.
പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തിരുന്നു. ഭരണഘടനയുടെ അന്തഃസത്തയെ അപമാനിച്ച സജി ചെറിയാന്, സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന ആരോപണം ഉയര്‍ന്നതോടെ മന്ത്രിസ്ഥാനം രാജിവച്ചു.
എന്നാല്‍ ശാസ്ത്രീയമായ അന്വേഷണം നടത്താതെയും ചോദ്യം ചെയ്യലിന് സജി ചെറിയാനെ വിളിപ്പിക്കാതെയും മെല്ലെപ്പോക്ക് നയം സ്വീകരിച്ച പോലീസ്, കേസ് നില്‍നില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഞായറാഴ്ച പരാതിക്കാരന് നോട്ടീസ് നല്‍കുകയായിരുന്നു.
പൊലീസ് അന്വേഷണം നിഷ്ക്രിയമാണെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും പരാതിക്കാരനായ അഡ്വ. ബൈജു നോയല്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു. തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രസംഗത്തിന്റെ ശബ്ദസാമ്പിള്‍ പോലും ഇതുവരെ എടുത്തിട്ടില്ല. ഇടതുസര്‍ക്കാരിന് കീഴിലുള്ള പൊലീസിന് ഇക്കാര്യത്തില്‍ കാര്യക്ഷമമമായി അന്വേഷണം നടത്താന്‍ കഴിയില്ലെന്നും ബൈജു പറഞ്ഞു.
കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ യുഡിഎഫും രംഗത്തെത്തി. പൊലീസ് കോടതിയില്‍ കേസവസാനിപ്പിക്കാനുള്ള അപേക്ഷ നല്കിയാല് ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് യുഡിഎഫ് വ്യക്തമാക്കി. നേരത്തെ കേസില്‍ സജി ചെറിയാനെതിരെ മൊഴി നല്‍കുകയും, പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോ സിഡി ഹാജരാക്കുകയും ചെയ്ത ജോസഫ് എം.പുതുശ്ശേരി തന്നെയാകും കോടതിയെ സമീപിക്കുക. മതിയായ തെളിവുകള്‍ നല്‍കിയിട്ടും പ്രതിയുടെ മൊഴി പോലും പൊലീസ് രേഖപ്പെടുത്തിയില്ല എന്നകാര്യം കൂടി യുഡിഎഫ് കോടതിയില്‍ ഉന്നയിക്കും. മതിയായ അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.