കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കോര്പറേഷന്. സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും വന്‍ വരുമാന നഷ്ടമുണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നത്. സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേയധായ കേസ് എടുത്തതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പരസ്യം റദ്ദാക്കിയതോടെ പ്രതിമാസം 13 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടായതെന്ന് ഹൈക്കോടതി ഉത്തരവ് ചോദ്യം ചോയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ പറയുന്നു. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്. വ്യക്തമായ പഠനമില്ലാതെയാണ് ഉത്തരവുണ്ടായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തേതുടര്ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി കെഎസ്ആര്‍ടിസിയിലെ പരസ്യം റദ്ദാക്കിയത്. ബസുകളിലെ പരസ്യം അപകടസാധ്യത കൂട്ടുമെന്ന നിരീഷണത്തെ തുടര്‍ന്നായിരുന്നു ഉത്തരവ്.