ശ്രീനാരായണ കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് എഴുന്നേറ്റ് നില്‍ക്കാതിരുന്നതിനെച്ചൊല്ലി വിവാദം. പ്രാര്‍ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം എഴുന്നേല്‍ക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെ തന്നെ ഇരിക്കുകയായിരുന്നെന്നാണ് ആരോപണം. മുഖ്യമന്ത്രി ഗുരുനിന്ദ നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
ഗുരുര്‍ബ്രഹ്മാ ഗുരുര്വിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയില്‍ ചൊല്ലിയത്. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഉള്‍പ്പെടെ വേദിയിലുള്ളവരെല്ലാം എഴുന്നേറ്റ് നിന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എഴുന്നേല്ക്കാന് ശ്രമിച്ചിട്ട് തിരിച്ചിരിക്കുകയായിരുന്നു. ഇടുകൂടാതെ അടുത്തിരുന്ന സ്ഥലം എം.എല്‍.എ. കടന്നപ്പള്ളി രാമചന്ദ്രന് എഴുന്നേല്ക്കാന് ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി തടയുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
മുഖ്യമന്ത്രി ഗുരുവിനോട് അനാദരം കാണിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ വിമര്‍ശനമുയര്‍ത്തി. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ആവശ്യപ്പെട്ടു.
ശ്രീനാരായണഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോടുപോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്ഷ്ട്യംകാട്ടുന്നതെന്ന് സുധാകരന് ചോദിച്ചു. ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് തനിനിറം വ്യക്തമാക്കിയെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന് പറഞ്ഞു. ആവശ്യം വരുമ്പോള്‍ ഗുരുദര്‍ശനങ്ങളെയും ശ്രീനാരായണീയരെയും വാഴ്ത്തുന്ന മുഖ്യമന്ത്രി തരംപോലെ ഇകഴ്ത്തലും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.