ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ നഗരസഭ സസ്പെന്‍ഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയതിനാണ് നഗരസഭയുടെ നടപടി. ഹോട്ടലിന്റെ ലൈസന്‍സ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. അടുക്കള കെട്ടിടത്തിന് ലൈസന്‍സ് ഇല്ലാതിരുന്നിട്ടും ഹോട്ടലിന് പ്രവര്‍ത്തനാനുമതി കൊടുത്തെന്ന് കണ്ടെത്തി.
അതേസമയം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടലിനെതിരെ കൂടുതല്‍ പരാതികള്‍ . ഒരു കുടുംബത്തിലെ ആറുപേര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റു . ആര്‍പ്പൂക്കര സ്വദേശി കെ ആര് ഷാജിക്കും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഫോണില്‍ പരാതി പറഞ്ഞിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നും ഷാജി പറഞ്ഞു.
അതിനിടെ രശ്മിക്ക് ഭക്ഷ്യ വിഷബാധയേറ്റ അതേ ദിവസം ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവേലിന് ഇപ്പോഴും ആശുപത്രി കിടക്കയില്‍ നിന്ന് ഏഴുന്നേല്‍ക്കാനായിട്ടില്ല. ഒരു ക്വാര്‍ട്ടര്‍ കുഴിമന്തിയും ഷവര്‍മ്മയും ആണ് ഇമ്മാനുവല്‍ ഓര്‍ഡര്‍ ചെയ്തത്. കുഴിമന്തി ചിക്കനും റൈസും മയണോയ്സുമാണ് ഇമ്മാനുവല്‍ കഴിച്ചത്. അന്നത്തെ ദിവസംതനിക്ക് വലിയ പ്രശ്നമുണ്ടായില്ല. എന്നാല്‍ അടുത്ത ദിവസം കടുത്ത വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടുവെന്ന് ഇമ്മാനുവല്‍ പ്രതികരിച്ചു.
ഹോട്ടലിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ വിഷബാധയേറ്റ് ജനുവരി രണ്ടിനാണ് യുവതി മരിച്ചത്. കഴിഞ്ഞ മാസം 29ന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് രശ്മിക്ക് രോഗബാധയുണ്ടാവുകയായിരുന്നു. അല്‍ഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലാക്കി. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.മൂന്ന് ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.