തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ കനത്ത ഭൂചലനത്തില്‍ മരണമടഞ്ഞത് 3800 കടന്നതായി റിപ്പോര്‍ട്ട്. നിരവധി പേരുടെ മരണത്തിന് പുറമെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനായിരങ്ങള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭൂചലനത്തില്‍ നൂറുകണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നു. തുര്‍ക്കിയില്‍ മാത്രം ഇതുവരെ 5606 കെട്ടിടങ്ങള്‍ തകര്‍ന്നതായി രാജ്യത്തിന്റെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. വടക്കന്‍ സിറിയയിലും സമാനമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്ക് ആവശ്യമായ എല്ലാ സഹായവും നല്കാന് യുഎസ് തയ്യാറാണെന്ന് പ്രസിഡന്റ് ജോ ബൈഡന് അറിയിച്ചിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി തുര്‍ക്കിയിലേക്ക് രണ്ട് യുഎസ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ യൂണിറ്റുകളെ അയക്കുമെന്ന് തുര്‍ക്കിയിലെ യുഎസ് അംബാസഡര്‍ ജെഫ് ഫ്ലേക്ക് വ്യക്തമാക്കി.
റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുര്‍ക്കിയിലുണ്ടായത്. പിന്നീട് തീവ്രതയുള്ള നിരവധി തുടര്‍ചലനങ്ങള്‍ ഉണ്ടായി. ഇറാഖ്, ജോര്‍ജിയ, സൈപ്രസ്, ലെബനണ്‍ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. തുര്‍ക്കിയിലും സിറിയയിലും നൂറുകണക്കിന് ബഹുനിലക്കെട്ടിടങ്ങള്‍ നിലംപൊത്തി. ദുരന്ത മുഖത്തേയ്ക്ക് യൂറോപ്യന്‍ യൂണിയന് റെസ്ക്യൂ ടീമുകളെ അയച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് കോര്‍ഡിനേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.