ഒരുനാടിനെ തന്നെ നടുക്കിയ ആലുവയിലെ അന്യസംസ്ഥാന തൊഴിലാളിയുടെ കുട്ടിയുടെ പീഡന കൊലപാതകത്തിന്റെ വാര്‍ത്തയില്‍ നിന്ന് മുക്തരാകുന്നതിന് മുന്‍പേ ആണ് ഇന്നലെ വീണ്ടും ഇത്തരത്തില്‍ ഒരു സംഭവം നടന്നത്.
ആലുവയില്‍ തന്നെ അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങുന്നതിനിടെ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ക്രിസ്റ്റല്‍ രാജിനെ വളരെ സാഹസീകമായി പൊലീസ് പിടികൂടിയിരുന്നു. ഇപ്പോഴിതാ ഇയാളെ കുറിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടുന്നതാണ്. കൊടുംകുറ്റവാളിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ നിരവധി കേസുകളിലെ പ്രതിയാണ് ക്രിസ്റ്റല്‍ എന്ന് പൊലീസ് പറയുന്നു. പതിനെട്ടാം വയസുമുതല്‍ നിരവധി മോഷണങ്ങളാണ് ഇയാള്‍ നടത്തിയത്. ഇതില്‍ ഏറെയും മൈബൈല്‍ മോഷണമാണെന്ന് പ്രതിയുടെ അമ്മ പറഞ്ഞത് അനുസരിച്ച് വീട്ടില്‍ മൊബൈല്‍ ഫോണുകളുടെ കൂമ്പാരം തന്നെയുണ്ട്.
പകല്‍ മുഴുവന്‍ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങുന്നതാണ് പ്രതിയുടെ രീതി. പിന്നീട് രാവിലെ വീട്ടില്‍ തിരിച്ചെത്തിയാല്‍ വാതില്‍ അടച്ച് അകത്തുതന്നെ ഇരിക്കും. രാത്രി എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചാല്‍ മകന് ചീത്തവിളിക്കുമെന്നും മാതാവ് പറയുന്നു
ക്രിസ്റ്റല്‍ നേരത്തെയും ലൈംഗിക പീഡനക്കേസില്‍ പ്രതിയാണ്. മാനസിക വെല്ലുവിളി നേരിടുന്ന പ്രായമായ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ നിന്ന് ജാമ്യമെടുത്ത് പുറത്തിറങ്ങി. അതിനുശേഷം മോഷണം നടത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ പൊലീസ് അന്വേഷിച്ച് വന്നതിന് പിന്നാലെ അവിടെ നിന്ന് ഇറങ്ങിപ്പോയതായി അമ്മ പറഞ്ഞു. ഒന്നരവര്‍ഷം മുന്‍പാണ് ബന്ധുവിനൊപ്പം ആലുവയില്‍ എത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ ക്രിസ്റ്റല്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കുട്ടിയുടെ വീട്ടില്‍നിന്ന് മൊബൈല്‍ഫോണും കവര്‍ന്നതായി വെളിപ്പെടുത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ മൊബൈല്‍ ഫോണ്‍ ആണ് പ്രതി വീട്ടില്‍നിന്ന് മോഷ്ടിച്ചതെന്ന് ബന്ധുവായ യുവാവ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഒരു പേഴ്സ് അരിച്ചുപെറുക്കിയശേഷം വലിച്ചെറിഞ്ഞ നിലയിലായിരുന്നുവെന്നും ബന്ധു വെളിപ്പെടുത്തി. സംഭവദിവസം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.