വലിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായാണ് വലിയ നിക്ഷേപ പദ്ധതികളുടെ പ്രഖ്യാപനം. ഗുജറാത്തില്‍ 4000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്താനൊരുങ്ങുന്നത്.
മാത്രമല്ല അഹമ്മദാബാദില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ ആഗോള നിലവാരത്തിലാണ് അഹമ്മദാബാദ് ലുലു മാള്‍ ഉയരുക.
പഞ്ചനക്ഷത്ര ഹോട്ടലും അഹമ്മദാബാദില്‍ നിര്‍മിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവരുമായി ഉച്ചകോടിയുടെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പ്രഖ്യാപനം. പുതിയ നിക്ഷേപ പദ്ധതികളുടെ മിനിയേച്വര്‍ മാതൃക യു.എ.ഇ പവലിയനില്‍ ലുലു ഗ്രൂപ്പ് പ്രദര്‍ശിപ്പിച്ചു. യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഥാനി ബിന്‍ അഹ്മദ് അല്‍ സെയൂദി, ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ജമാല്‍ അല്‍ ശാലി, എം.എ. യൂസഫലി എന്നിവര്‍ ചേര്‍ന്നാണ് പവലിയന് ഉദ്ഘാടനം ചെയ്തത്.