ലണ്ടന്‍ : ഒന്നര യൂറോ അതായത് വെറും 134 രൂപയുടെ പേരില്‍ ജോലി പോയ സംഭവം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നാല്‍ 134 രൂപയുടെ സാന്‍വിച്ച് കാരണം ജോലി പോയ അവസ്ഥയിലാണ് ലണ്ടനില്‍ ഒരു യുവതി.
ലണ്ടനിലെ ഒരു കമ്പനിയില്‍ ക്ലീനിങ്ങ് ജീവനക്കാരിക്കാണ് വെറും ഒരു സാന്‍വിച്ചിന്റെ പേരല് സ്വന്തം ജോലി തന്നെ നഷ്ടമായത്. ഓഫീസില്‍ ഉണ്ടായ ഒരു മീറ്റിങ്ങില്‍ ബാക്കി വന്ന സാന്‍വിച്ച് കഴിച്ചെന്നാരോപിച്ചായിരുന്നു യുവതിക്ക് സ്വന്തം ജോലി നഷ്ടപ്പെട്ടത്.
ഇക്വഡോര്‍ സ്വദേശിയായ ഗബ്രിയേല റോഡ്രിഗസ് കമ്പനിയിലെ ഹൗസ്കീപ്പിംഗ് ജീവനക്കാരി ആയിരുന്നു. കമ്പനിയില്‍ യോഗം കഴിഞ്ഞ് എല്ലാവരും പോയതിന് ശേഷം ബാക്കി വന്ന സാന്വിച്ചുകളിലൊന്നാണ് ഗബ്രിയേല എടുത്ത് കഴിച്ചു. ബാക്കി വന്നവ തിരിച്ചേല്‍പ്പിച്ചില്ലെന്ന് ഗബ്രിയേലയെ കമ്പനിയില്‍ ജോലിക്ക് അയച്ച ടോട്ടല്‍ ക്ലീന്‍ ഏജന്‍സിയോട് പേര് സഹിതം സൂചിപ്പിച്ച് കമ്പനി പരാതി നല്‍കുകയും ചെയ്തു. ഇതോടെ അവരുടെ ജോലിയുടെ കാര്യത്തില്‍ തീരുമാനമാകുകയായിരുന്നു.
തനിക്കെതിരെ നടപടി സ്വീകരിച്ച കമ്ബനിക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ദി യുണൈറ്റഡ് വോയിസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലെ ക്രിസ്മസ് സമയത്താണ് സംഭവം നടന്നത്. ഗബ്രിയേല നേരിട്ടത് വംശീയ അധിക്ഷേപമാണെന്നാണ് യൂണിയന് ഉന്നയിക്കുന്ന ആരോപണം.
ഇത്തരത്തില്‍ ബാക്കി വരുന്ന ഭക്ഷണം എടുത്ത് കഴിക്കുന്നത് സ്വാഭാവികം മാത്രമാണെന്നും അതിന്റെ പേരില്‍ തന്നെ ശമ്പള കുടിശിക പോലും നല്‍കാതെ സസ്പെന്‍ഡ് ചെയ്ത ശേഷം പിരിച്ചുവിടുകയായിരുന്നവെന്നാണ് ഗബ്രിയേല പറയുന്നത്. അതേസമയം ഫെബ്രുവരി 14ന് ഗബ്രിയേലക്ക് പിന്തുണ പ്രഖ്യാപിച്ച് കമ്പനിക്ക് മുന്നില്‍ പ്രതിഷേധം നടന്നു. അതേസമയം ടോട്ടല്‍ ക്ലീന്‍ ഏജന്‍സിക്ക് തങ്ങള്‍ ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചിട്ടില്ലെന്നാണ് ഗബ്രിയേല ജോലി ചെയ്തിരുന്ന നിയമ സഹായ കമ്പനി അധികൃതര്‍ പറയുന്നത്.