യാത്രകള്‍ക്ക് എന്നും ആശ്രയിക്കുന്ന ഒന്നാണ് ഗൂഗിള്‍ മാപ്പ്. പ്രത്യേകിച്ച് ദൂരയാത്രകള്‍ക്ക് ഗൂഗിള്‍ മാപ്പ് എല്ലാവര്ക്കും ഏറെ ഉപകാരമാണ്. ഇപ്പോഴിതാ ഗൂഗിള്‍ മാപ്പില്‍ പുതിയ അപ്ഡേഷനാണ് വന്നിരിക്കുന്നത്.
കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചറാണ് ഗൂഗിള്‍ മാപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ കെട്ടിടത്തിന്റെ പേര് നല്കി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന നാവിഗേഷന്‍ അനുസരിച്ച് യാത്ര ചെയ്താല്‍ പലപ്പോഴും കെട്ടിടത്തിന്റെ മുന്‍വശത്ത് എത്തണമെന്നില്ല. എന്നാല്‍ ഇനി അങ്ങനെയല്ലെന്നാണ് കമ്പനി പറയുന്നത്.
കെട്ടിടം നില്ക്കുന്ന സ്ട്രീറ്റില്‍ നിന്ന് മാറി കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തുള്ള മറ്റൊരു സ്ട്രീറ്റിലായിരിക്കും ചിലപ്പോഴെങ്കിലും എത്തിച്ചേരുക. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പരീക്ഷണ ഘട്ടത്തിലാണ് ഈ ഫീച്ചര്‍. കെട്ടിടം സെര്‍ച്ച് ചെയ്യുമ്പോള്‍ പുറത്തേയ്ക്ക് പോകുന്നതും പ്രവേശിക്കുന്നതുമായ കെട്ടിടത്തിന്റെ ഭാഗം കൃത്യമായി കാണിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത.
ലാസ് വെഗാസ്, സാന്‍ ഫ്രാന്‍സിസ്കോ, ബെര്‍ലിന്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ നഗരങ്ങളിലെ കഫേകള്‍, ഓഫീസുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹാര്ഡ്വെയര് സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുകയും ഏറെക്കുറെ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.