വാട്സ്ആപ്പില്‍ നിലവില്‍ ഉള്ള എല്ലാ ഫീച്ചറുകളില്‍ നിന്നും വ്യത്യാസമായ കൂടുതല്‍ സൗകര്യം ഉള്ള ഫീച്ചറുകള്‍ ആണ് പുറത്ത് വരുന്നത്. അതിനാല്‍ തന്നെ ഉപയോക്താക്കളെല്ലാം വലിയ കാത്തിരിപ്പിലാണ്. ഇപ്പോഴിതാ വീണ്ടും പുതിയൊരു മാറ്റമാണ് വാട്സ്ആപ്പിലെത്തുന്നത്.
ഇക്കുറി മാറ്റം വരുന്നത് വാട്സ്ആപ്പ് ചാറ്റിലെ പിന് ചെയ്യുന്ന ഓപ്ഷനിലാണ്. ഇതുവരെ ഒരു മെസേജ് മാത്രമാണ് പിന് ചെയ്ത് വയ്ക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇനി മുതല്‍ മൂന്ന് മെസേജുകള്‍ വരെ പിന് ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.
ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിന് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നത് ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തല്‍. ഇതുവഴി പ്രധാനപ്പെട്ട സന്ദേശങ്ങള്‍ എളുപ്പം കണ്ടെത്താന്‍ ഉപയോക്താവിന് സാധിക്കും. വരും ദിവസങ്ങളില്‍ തന്നെ ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് വേര്‍ഷനുകളില്‍ ഇത് ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
വാട്സ്ആപ്പ് സ്ക്രീനിന്റെ വലതുവശത്തുള്ള ത്രീ ഡോട്ട്സില്‍ പിന് തെരഞ്ഞെടുത്ത് വേണം ഇത് ആക്ടീവാക്കാന്‍. എത്രനാള്‍ മെസേജ് പിന് ചെയ്ത് വെയ്ക്കണമെന്ന് ഉപയോക്താവിന് മുന്‍കൂട്ടി തീരുമാനിക്കാന്‍ കഴിയും. 24 മണിക്കൂര്‍, ഏഴ് ദിവസം, 30 ദിവസം ഇവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് മുന്നോട്ടുപോകുന്നതിനുള്ള സൗകര്യമാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഒരുക്കിയിരിക്കുന്ന്ത്.