നവജാതശിശുവിനെ കൊലപ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പരോളിലിറങ്ങിയ അമ്മ ഒളിവില്‍ പോയി. ഒടുവില്‍ അമ്മ അറസ്റ്റിലായത് പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പൊന്‍കുന്നത്താണ് സംഭവം.
ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പില്‍ വീട്ടില്‍ കുഞ്ഞുമോള്‍ എന്ന് പേരുള്ള ഓമനയെയാണ് പൊന്‍കുന്നം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അമ്പത്തേഴ് വയസ്സുള്ള സ്ത്രീയാണ് ഇവര്‍.
2004ലാണ് ഓമന തന്റെ നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ ഉപേക്ഷിക്കുന്നത്.
കേസില്‍ അറസ്റ്റിലായ ഓമന, ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മുങ്ങി. ഇവര്‍ പിന്നീട് 18 വര്‍ഷത്തോളമായി തമിഴ്നാട്ടിലെ തിരുപ്പതിയിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
വിവിധ കേസുകളില്‍ കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ് വരുന്ന ആളുകളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച തിരച്ചിലിലാണ് ഓമന പോലീസിന്റെ പിടിയിലാകുന്നത്. 18 വര്‍ഷം പോലീസിന്റെ കണ്ണില്‍പ്പെടാതെ നിരവധി സ്ഥലങ്ങളിലായി ഇവര്‍ കഴിയുകയായിരിന്നു. അറസ്റ്റിന് ശേഷം തുടര്‍നടപടികള്‍ പോലീസ് സ്വീകരിച്ചുവരുന്നു.