മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രതികളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവ് കാണാതെ പോയി. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത 19 കിലോ വരുന്ന കഞ്ചാവാണ് കാണാതെ പോയത്. എന്നാല്‍ ഇതിന് പൊലീസ് ഉദ്യോഗസ്ഥന് നല്കിയ വിശദീകരണമാണ് ഞെട്ടിക്കുന്നത്. എലി തിന്നു തീര്‍ത്തെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. ജാര്‍ഖണ്ഡിലെ ധന്‍ബാധ് ജില്ലയിലാണ് സംഭവം.
ഉദ്യോഗസ്ഥന് പറയുന്നതനുസരിച്ച് ഒരു തരി പോലും ബാക്കി വെയ്ക്കാതെ എല്ലാം എലി തിന്നു തീര്‍ത്തുവെന്നാണ് പറയുന്നത്. കഞ്ചാവ് ഉപയോഗിച്ച് തയ്യാറാക്കുന്ന ലഹരി വസ്തുവായ 10 കിലോ ഭാംഗും ഒന്‍പത് കിലോ കഞ്ചാവുമാണ് പൊലീസ് സ്റ്റേഷനിലെ സ്റ്റോറില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ അല്പം പോലും ബാക്കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥന് പറഞ്ഞു.
2018 ഡിസംബര്‍ 14ന് ഒരു കേസില്‍ ശംഭു പ്രസാദ് അഗര്‍വാള്‍ എന്നയാളെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവ പൊലീസ് സ്റ്റേഷനിലെ സ്റ്റോറില്‍ സൂക്ഷിച്ചു. കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഈ കേസിന്റെ വിചാരണയ്ക്കിടയിലാണ് പ്രിന്‍സിപ്പല്‍ ജില്ലാ ആന്റ് സെഷന്‍സ് കോടതി ജഡ്ജി റാം ശര്‍മ തൊണ്ടിമുതല്‍ ഹാജരാക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചത്. ശനിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍ കോടതിയില്‍ എത്തിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജയപ്രസാദ് പ്രസാദിനോട് നിര്‍ദേശിച്ചു.