ഒരിടക്കാലം കൊണ്ട് മലയാളികള്‍ക്ക് ഏറെ കൗതുകവും പ്രിയപ്പെട്ടതുമായി മാറിയ ഒന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റ്. വായിലിട്ട ശേഷം പുക ഊതി ഊതി പുറത്തേക്ക് വിട്ട് സംഭവം വളരെ വേഗം എല്ലാ പ്രായക്കാര്‍ക്കുമിടയിലും ഹിറ്റായി മാറി. പക്ഷെ കഴിഞ്ഞ ദിവസം ഒരു ചെറിയ കുട്ടി ഈ സ്‌മോക്കി ബിസ്‌ക്കറ്റ് കഴിച്ച് ആശുപത്രിയിലായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.
കര്‍ണാടകയിലെ ദാവനഗരെയിലാണ് സംഭവമുണ്ടായത്. സംഭവത്തിന് പിന്നാലെ കടയുടമയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ലിക്വിഡ് നൈട്രജന്‍ കൊണ്ടുണ്ടാക്കിയ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുട്ടി അവശനായത് എന്നാണ് പുറത്ത് വരുന്ന വിവരം.
ശീതികരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ലിക്വിഡ് നൈട്രജന്‍. ഇത് ഉപയോഗിച്ചാണ് സ്മോക്ക് ബിസ്‌കറ്റ് തയ്യാറാക്കുന്നത്. ഇത് നേരിട്ട് കഴിക്കുന്നത് വായിലും തൊണ്ടയിലും അന്നനാളത്തിലും ആമാശയത്തിലും ഗുരുതരമായ മുറിവുകള്‍ ഉണ്ടാകുന്നതിന് കാരണമാവുന്നു.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്ന ഇവയ്ക്ക് -196 ഡിഗ്രി സെല്‍ഷ്യസില്‍വരെ എത്താന്‍ സാധിക്കുന്നു. ത്വക്ക് അലര്‍ജികള്‍, വായില്‍ പൊള്ളല്‍, വയറുവേദന, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവയ്ക്കും ലിക്വിഡ് നൈട്രജന്‍ കാരണമാവുന്നു.
പലരും ലിക്വിഡ് നൈട്രജനെ ഡ്രൈ ഐസുമായി തെറ്റിദ്ധരിക്കാറുണ്ട്. ഇവ രണ്ടും മനുഷ്യശരീരത്തിന് ഹാനികരമാണ്. ആഹാരം തയ്യാറാക്കുമ്‌ബോഴും ആഹാരത്തിലും ഇവ ഫ്രീസിംഗ് ഏജന്റായി ഉപയോഗിക്കുമെങ്കിലും നേരിട്ട് കഴിക്കാനോ ശരീരത്തില്‍ നേരിട്ട് പ്രയോഗിക്കാനോ പാടില്ല.