സ്കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്ന് കാശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസ് ഹരിയാനയിലുണ്ടായ അപകടത്തില്‍ മരിച്ചു. യാത്രക്കിടെ ട്രക്കിടിക്കുകയായിരുന്നു. രണ്ടു മാസം മുന്‍പ് തുടങ്ങിയ യാത്ര അവസാനിക്കാന്‍ മൂന്നു ദിവസം മാത്രമുള്ളപ്പോഴായിരുന്നു ഹരിയാനയില്‍വച്ച് യുവാവ് മരിക്കുന്നത്. ആശുപത്രിയില്‍ എത്തിക്കു?മ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് ഹരിയാനയില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയായ അനസ് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദത്തിന് ശേഷം ടെക്നോ പാര്‍ക്കിലും ബിഹാറിലെ സ്വകാര്യ സ്കൂളിലും ജോലിചെയ്തിരുന്നു. 2022 മേയ് 29നാണ് 31 കാരനായ അനസ് ഹജാസ് കന്യാകുമാരിയില്‍നിന്ന് ഒറ്റക്കുള്ള യാത്ര തുടങ്ങിയത്. സ്കേറ്റിങ് ബോര്‍ഡില്‍ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളെല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.
അമ്പലയിലെത്തി വിശ്രമത്തിനിടെയാണ് അവസാന വീഡിയോ എടുത്തത്. അതു കഴിഞ്ഞ് പിങ്ചോര്‍ പോലീസ് സ്റ്റേഷനു പരിസരത്തുവച്ച് പാഞ്ഞടുത്ത ടാങ്കര്‍ ലോറി അനസിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
യാത്രയ്ക്കിടെ ഹരിയാനയില്‍നിന്നു പരിചയപ്പെട്ട ഒരു മലയാളിയാണ് അനസിന്റെ മരണവാര്‍ത്ത സഹോദരനെ അറിയിച്ചത്.
സ്കേറ്റിങ്ങിനെകുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് അനസ് യാത്ര തുടങ്ങിയത്. കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്ക് ഏകദേശം 3800 കി.മീ. ദൂരമുണ്ട്. ഈ ദൂരമത്രയും സ്കേറ്റിങ് ബോര്‍ഡില്‍ ഒറ്റക്ക് താണ്ടാനായാണ് അനസ് പുറപ്പെട്ടത്.