പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കിയതിന് പിന്നാലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ജലന്ധറിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാല കാമ്പസിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പത്തുദിവസത്തിനിടെ കാമ്പസില്‍ രണ്ടുവിദ്യാര്‍ഥികളാണ് ജീവനൊടുക്കിയതെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് മലയാളി വിദ്യാര്‍ഥിയായ അഖിന് എസ്. ദിലീപി(21)നെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന് ഒരുമാസം മുമ്പാണ് ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ ബി.ഡിസൈന്‍ കോഴ്സിന് ചേര്‍ന്നത്. എന്നാല്‍ വ്യക്തിപരമായ പ്രശ്നങ്ങളാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും കപുര്‍ത്തല പോലീസ് അറിയിച്ചു. ഇതേ വിശദീകരണം തന്നെയാണ് സര്‍വകലാശാല അധികൃതരും നല്‍കിയത്. പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.