സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ, ഇഡി പരിശോധന. ന്യൂഡല്‍ഹിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന. കോഴിക്കോട് അര്‍ധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. കേരളത്തില്‍ 50 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നതെന്നാണ് വിവരം. അതിനിടെ പോപ്പുലര്‍ ഫ്രണ്ട് സമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രെട്ടറിയേയും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ റെയ്ഡ് നടന്നു.
പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂര്‍ പറക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ് നടന്നത്. കണ്ണൂര്‍ താണയിലുള്ള ഓഫീസിലാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശ്ശൂരില്‍നിന്നാണ് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. തൃശ്ശൂരില്‍ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങള്‍. പെരുമ്പിലാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിനുശേഷമാണ് യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തും, പെരുവന്താനത്തുമാണ് റെയ്ഡ് നടന്നത്. ജില്ലാ നേതാക്കളടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വീടുകളില്‍നിന്ന് മൊബൈല്‍ ഫോണുകളും, ടാബും, ലാപ്ടേപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
റെയ്ഡിനെതിരെ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. കോഴിക്കോട്ടും തിരുവനന്തപുരത്തും പ്രവര്‍ത്തകര്‍ ഒത്തുകൂടി പ്രതിഷേധിക്കുകയാണ്. റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പ്രതികരിച്ചു.